“സിഎം സർ, പകവീട്ടൽ എന്നോട് ആയിക്കോളൂ, പാർട്ടി പ്രവർത്തകരെ വിട്ടേക്ക്”; വീഡിയോ സന്ദേശവുമാ
Wednesday, October 1, 2025 1:38 AM IST
ചെന്നൈ: കരൂർദുരന്തത്തിനുശേഷം ആദ്യമായി വീഡിയോ സന്ദേശവുമായി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. മുഖ്യമന്ത്രി സ്റ്റാലിൻ പ്രതികാരം ചെയ്യുകയാണെന്ന് വിജയ് ആരോപിച്ചു. പകവീട്ടൽ തന്നോട് ആയിക്കൊള്ളൂവെന്നും പാർട്ടി പ്രവർത്തകരെ വേട്ടയാടരുതെന്നും വിജയ് ആവശ്യപ്പെട്ടു.
“സിഎം സർ, നിങ്ങൾ പ്രതികാരത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ കുറ്റം എന്റെമേൽവച്ചോളൂ, പക്ഷേ, പാർട്ടി പ്രവർത്തകരെ വേട്ടയാടരുത്. ജീവിതത്തിൽ ഇതുപോലെ വേദനാജനകമായ സാഹചര്യം നേരിട്ടിട്ടില്ല. ഞാൻ ഇപ്പോൾ കരൂർ സന്ദർശിക്കുന്നില്ല. അതു കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഞാൻ നിങ്ങളെ വൈകാതെ കാണും (പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും). കരൂർദുരന്തത്തിന്റെ സത്യം വേഗത്തിൽ പുറത്തുവരും. ഏതു നടപടിയും നേരിടാൻ ഞാൻ തയാറാണ്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ രാഷ്ട്രീയയാത്ര പുതിയ വീര്യത്തോടെ തുടരും. എന്നാൽ, അവർ പാർട്ടി നേതാക്കൾക്കും സുഹൃത്തുക്കൾക്കും സമൂഹമാധ്യമം ഉപയോഗിക്കുന്നവർക്കും എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഞാൻ അഞ്ചു ജില്ലകളിൽ പ്രചാരണം നടത്തി. എന്തുകൊണ്ട് കരൂരിൽ മാത്രം ദുരന്തം സംഭവിച്ചു? ജനത്തിനു സത്യം അറിയാം, അവർ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്’’- സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു. കരൂർ സന്ദർശിക്കാത്തതിന്റെ പേരിൽ വ്യാപക വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണു സൂപ്പർതാരത്തിന്റെ വിശദീകരണം.
അതേസമയം, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മതിയഴകന്‍ അഭയം നല്‍കിയെന്നാരോപിച്ച് ടിവികെ പ്രവര്‍ത്തകനായ പൗന്രാജിനെ ഇന്നലെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തു. പൗൻരാജിനെയും തിങ്കളാഴ്ച അറസ്റ്റിലായ ടിവികെ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ടിവികെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്, പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍ എന്നിവരാണ് എഫ്ഐആറില്‍ പേരുള്ള മറ്റ് രണ്ട് പാര്‍ട്ടി ഭാരവാഹികള്‍. ഹേമമാലിനിയുടെ നേതൃത്വത്തിൽ എൻഡിഎ എംപിമാർ ഇന്നലെ കരൂർ സന്ദർശിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘവും ഇന്നലെ കരൂരിലെത്തിയിരുന്നു.
വീഡിയോ പുറത്തുവിട്ട് സർക്കാർ
കരൂരിലെ ടിവികെ റാലിയിലുണ്ടായ നിയമലംഘനത്തിന്റെ വീഡിയോ ക്ലിപ്പിംഗുകൾ തമിഴ്നാട് സർക്കാർ പുറത്തുവിട്ടു. പി. അമുധയാണ് സെന്റ് ജോർജ് കോട്ടയിലെ സെക്രട്ടേറിയറ്റിൽ മാധ്യമങ്ങളെ കണ്ടത്. ആരോഗ്യ സെക്രട്ടറി പി. സെന്തിൽകുമാർ, എഡിജിപി എസ്. ഡേവിഡ്സൺ ദേവാശീർവാദം എന്നിവരും വാർത്താസമ്മേളനത്തിനെത്തിയിരുന്നു.
കരൂരിലും നാമക്കലിലും നടന്ന റാലിക്കിടെ ടിവികെ പ്രവർത്തകർ കടകളുടെയും വീടുകളുടെയും മേൽക്കൂരയിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് അധികൃതർ പുറത്തുവിട്ടത്.