മണപ്പുറം ഫൗണ്ടേഷന്റെ ‘ഡിജിറ്റൽ ഡിമെൻഷ്യ’ ബോധവത്കരണത്തിനു ബംഗളൂരുവിൽ തുടക്കം
Wednesday, October 1, 2025 12:36 AM IST
ബംഗളൂരു: മണപ്പുറം ഫിനാൻസ് കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ‘ഡിജിറ്റൽ ഡിമെൻഷ്യ’ ബോധവത്കരണപരിപാടിക്ക് ഐടി തലസ്ഥാനമായ ബംഗളൂരുവിൽ തുടക്കമായി.
സാങ്കേതികവിദ്യാവികാസത്തിനു വൈജ്ഞാനികതലത്തിൽ നൽകേണ്ടിവരുന്ന വിലയായ ഡിജിറ്റൽ ഡിമെൻഷ്യയെക്കുറിച്ചു സംഘടിപ്പിച്ച സെമിനാർ കർണാടക ബയോ എനർജി ഡെവലപ്മെന്റ് ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രിയുടെ ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി ഡോ. കെ. വൈഷ്ണവി വിശിഷ്ടാതിഥിയായി.
സാങ്കേതികവിദ്യയുടെ വളർച്ച വ്യക്തികളുടെയും സമൂഹത്തിന്റെയും ശീലങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണെന്നും ഇതിനെ അഭിമുഖീകരിക്കാൻ കൂട്ടായ ശ്രമം ആവശ്യമാണെന്നും മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാർ ചൂണ്ടിക്കാട്ടി.
ബംഗളൂരു നിംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി പ്രഫസറും ഇന്ത്യയുടെ ഡീഅഡിക്ഷൻ ടെക് സംരംഭമായ ഷട്ട് ക്ലിനിക്കിന്റെ തുടക്കക്കാരനുമായ ഡോ. മനോജ് കുമാർ ശർമ മുഖ്യപ്രഭാഷണം നടത്തി.
മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കോ-പ്രമോട്ടർ സുഷമ നന്ദകുമാർ, ജനറൽ മാനേജരും ചീഫ് പിആർഒയുമായ സനോജ് ഹെർബർട്ട്, കോർപറേറ്റ് കമ്യൂണിക്കേഷൻ മേധാവി രാഹുൽ വിനായക് വാഡ്കെ തുടങ്ങിയവർ പങ്കെടുത്തു. സീനിയർ പിആർഒ കെ.എം. അഷറഫ് സ്വാഗതവും മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസ് നന്ദിയും പറഞ്ഞു.