ഇന്ത്യ-ഭൂട്ടാൻ റെയിൽ പദ്ധതിയുമായി റയിൽവേ മന്ത്രാലയം
Wednesday, October 1, 2025 1:38 AM IST
ന്യൂഡൽഹി: ഇന്ത്യയെയും ഭൂട്ടാനെയും റെയിൽമാർഗം ബന്ധിപ്പിക്കുന്ന രണ്ട് ക്രോസ് ബോർഡർ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.
ഭൂട്ടാനിലെ ഗെലെഫു, സാംത്സെ തുടങ്ങിയ വ്യവസായ നഗരങ്ങളെ ആസാമിലെ കൊക്രജാർ, ബനാർഹട്ട് എന്നീ നഗരങ്ങളുമായാണ് ബന്ധിപ്പിക്കുന്നത്. 4033 കോടി രൂപയാണ് പദ്ധതിക്കായുള്ള ആകെ നിക്ഷേപം. പദ്ധതിക്ക് ആവശ്യമായ മുഴുവൻ ചെലവും ഇന്ത്യ വഹിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
കൊക്രജാർ-ഗെലെഫു, ബനാർഹട്ട്-സാംത്സെ എന്നിങ്ങനെ രണ്ട് പാതകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് പാതകളുടെയും ആകെ നീളം 89 കിലോമീറ്ററാണ്. പൂർണമായും വൈദ്യുതീകരിച്ച ട്രാക്ക് ആയിരിക്കും ഇതിനായി സ്ഥാപിക്കുക.
പരിസ്ഥിതി ആശങ്കകൾ പൂർണമായും പരിഹരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. കൊക്രജാർ-ഗെലെഫു പാതയ്ക്ക് 69 കിലോമീറ്റർ നീളമുണ്ടാകും. ഇതിൽ ആറ് സ്റ്റേഷനുകളാണുള്ളത്.
രണ്ട് പ്രധാന പാലങ്ങളും 65 ചെറിയ പാലങ്ങളും ഉൾപ്പെടും. ഈ പാതയുടെ നിർമാണത്തിന് മാത്രമായി 3456 കോടി രൂപ ചെലവ് വരും. നാലു വർഷത്തിനുള്ളിൽ ഈ പാതയുടെ പണി പൂർത്തിയാക്കാമെന്നാണ് കണക്കുകൂട്ടൽ.
രണ്ടാമത്തെ പാതയായ ബനാർഹട്ട്-സാംത്സയെുടെ നീളം 20 കിലോമീറ്ററാണ്. ഇതിൽ രണ്ട് സ്റ്റേഷനുകളാണുള്ളത്. ഒരു പ്രധാന പാലവും 24 ചെറിയ പാലങ്ങളും 37 അണ്ടർപാസുകളും ഉൾപ്പെടും. 577 കോടി രൂപയാണ് ചെലവായി കണക്കാക്കുന്നത്. ഇരു പാതകളിലുമായി ഭൂട്ടാന്റെ 4.52 കിലോമീറ്റർ ഭൂപ്രദേശം ഉൾപ്പെടും. ഈ മേഖലയിലെ നിർമാണച്ചെലവ് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം വഹിക്കും.
യാത്രായ്ക്കും ചരക്ക് നീക്കത്തിനുമായിരിക്കും റെയിൽപാത പ്രധാനമായും ഉപയോഗിക്കുക. നിലവിൽ ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ.
റെയിൽപാത സാധ്യമാകുന്നതോടെ ചരക്ക് നീക്കം കൂടുതൽ എളുപ്പത്തിലാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാൻ സന്ദർശന വേളയിലാണ് റെയിൽപാത നിർമാണത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ഒപ്പിട്ടത്.