ആണവഭീഷണി: കരുതിയിരിക്കണമെന്ന് സംയുക്ത സൈനിക മേധാവി
Wednesday, October 1, 2025 1:38 AM IST
ന്യൂഡൽഹി: ആണവായുധങ്ങളിൽനിന്നുള്ള ജൈവ ഭീഷണികൾക്കും റേഡിയോ അണുവികിരണങ്ങൾക്കുമെതിരേ ഭാവിയിൽ തയാറായിരിക്കേണ്ടത് അനിവാര്യമാണെന്നു സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ.
ഇന്ത്യക്കെതിരേയുള്ള ആണവാക്രമണത്തിനു സാധ്യത കുറവാണെങ്കിലും രാജ്യം ആക്രമണത്തിനുള്ള സാധ്യതകൾ കണക്കിലെടുത്തു പ്രവർത്തിക്കുന്നത് വിവേകപരമാണെന്ന് ഡൽഹി കന്റോണ്മെന്റിൽ നടന്ന ഒരു പരിപാടിയിൽ അനിൽ ചൗഹാൻ വ്യക്തമാക്കി.
കോവിഡ് മഹാമാരിയുടെ സമയത്തു ലോകം പല അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയി. മനുഷ്യനിർമിതമായും ആകസ്മികമായും പ്രകൃതിദത്തമായും ഉദ്ഭവിക്കുന്ന ജൈവഭീഷണികൾ ഭാവിയിൽ വർധിക്കാൻ സാധ്യത കൂടുതലാണ്. ഇത്തരം ഭീഷണികളെ നേരിടുന്നതിനുള്ള പ്രതിരോധത്തിനും രോഗബാധിതരുടെ ചികിത്സയ്ക്കും വ്യത്യസ്ത ചികിത്സാ പ്രോട്ടോക്കോളുകളാണാവശ്യം.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം ആണവ ഭീഷണി ഇന്ത്യയെ പിന്തിരിപ്പിക്കില്ലെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആണവായുധം ഇന്ത്യക്കെതിരേ പ്രയോഗിക്കാൻ സാധ്യത കുറവാണെങ്കിലും ആണവഭീഷണികൾക്കെതിരായ തയാറെടുപ്പ് അതിന്റെ ഉപയോഗത്തിനെതിരായ പ്രതിരോധത്തിനു കാരണമാകുന്നുവെന്നും സംയുക്ത സൈനിക മേധാവി പറഞ്ഞു.