മുതിർന്ന പൗരന്മാരെ പരിചരിച്ചില്ലെങ്കിൽ ഇഷ്ടദാനം റദ്ദാക്കാം: ഡൽഹി ഹൈക്കോടതി
Wednesday, October 1, 2025 1:38 AM IST
ന്യൂഡൽഹി: ഇഷ്ടദാനത്തിലൂടെ കുടുംബാംഗങ്ങൾക്ക് മുതിർന്ന പൗരന്മാരിൽനിന്ന് സ്വത്ത് കൈമാറ്റം ചെയ്ത് കിട്ടുന്പോൾ അവർക്ക് ആവശ്യമായ കരുതലും പരിചരണവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ ഗുണഭോക്താക്കൾ ബാധ്യസ്ഥരാണെന്ന് ഡൽഹി ഹൈക്കോടതി.
അല്ലാത്തപക്ഷം ഇഷ്ടദാനത്തിലൂടെ സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട നിയമപരമായ രേഖകകൾ റദ്ദാക്കാവുന്നതാണെന്നും ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റീസ് തുഷാർ റാവു ഗെഡേല എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 88 വയസുള്ള സ്ത്രീ 2015ൽ മരുമകൾക്ക് ഇഷ്ടദാനമായി നൽകിയ വസ്തു സംബന്ധിച്ച ഹർജിയിലാണ് കോടതിയുടെ വിധി.
സ്വത്ത് കൈമാറ്റം നടന്ന ശേഷം മരുമകളുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ആവശ്യമായ പല കാര്യങ്ങളും വൃദ്ധയായ അമ്മയ്ക്ക് മരുമകൾ നിഷേധിച്ചു. ഭീഷണികൾ മുഴക്കിയതായും വൃദ്ധ പരാതിപ്പെട്ടു. തുടർന്ന് അവർ സീനിയർ സിറ്റിസണ്‍ ആക്ട് പ്രകാരം മെയ്ന്റനൻസ് ട്രൈബ്യൂണലിനെ സമീപിച്ചു.
എന്നാൽ ഇഷ്ടദാനം നൽകിയത് സംബന്ധിച്ച രേഖകൾ റദ്ദാക്കാൻ വിസമ്മതിച്ച ട്രൈബ്യൂണൽ ആവശ്യമായ സംരക്ഷണം നല്കാൻ ഉത്തരവിട്ടു. ഇതിനെതിരേ അമ്മ കോടതിയെ സമീപിച്ചപ്പോൾ രേഖകൾ റദ്ദാക്കാൻ വിധിയുണ്ടായി. എന്നാൽ കോടതിയുടെ നിലപാട് മരുമകൾ ഹൈക്കോടതിയിൽ ചോദ്യംചെയ്തു.
അമ്മയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷണം നല്കാൻ മരുമകൾ പരാജയപ്പെട്ട സാഹചര്യത്തിൽ രേഖകൾ റദ്ദാക്കാമെന്ന് ഹൈക്കോടതിയും വിധിച്ചു. ഇതോടെ മരുമകൾക്ക് ഇഷ്ടദാനമായി ലഭിച്ച സ്വത്തുക്കൾ തിരികെ നൽകേണ്ടി വരും.
വാർധക്യ കാലത്ത് മുതിർന്നവരെ സംരക്ഷിക്കും എന്ന പ്രതീക്ഷയിലാണ് അവർ തങ്ങളുടെ സ്വത്തുക്കൾ ഇഷ്ടദാനമായി നൽകുന്നത്. അതിനാൽ സീനിയർ സിറ്റിസണ്‍ ആക്ടിൽ ഇതൊരു പ്രത്യേക വ്യവസ്ഥയായി ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്നു സമാന ഉത്തരവ് 80 വയസുള്ള പിതാവിന് അനുകൂലമായി വന്നിരുന്നു.