മധ്യപ്രദേശിൽ വിഗ്രഹ നിമജ്ജനത്തിനിടെ അപകടം; പത്തുപേർ മരിച്ചു
Friday, October 3, 2025 3:43 AM IST
ഇൻഡോർ: മധ്യപ്രദേശിലെ കാണ്ഡവയിൽ വിജയദശമി ദിനത്തിൽ വിഗ്രഹനിമജ്ജനചടങ്ങിനിടെ അപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ പത്തുപേർ മരിച്ചു. വിവിധഗ്രാമങ്ങളിൽനിന്നും എത്തിച്ച ദുർഗാദേവിയുടെ വിഗ്രഹങ്ങളുമായെത്തിയ ട്രാക്ടർ ട്രോളി നിയന്ത്രണംവിട്ട് തടാകത്തിൽ വീണതാണു ദുരന്തകാരണം. മുപ്പതോളം പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
പരിക്കുകളോടെ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ആറുപേർ നീന്തി രക്ഷപെട്ടു. കാണാതായവർക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി മധ്യപ്രദേശ് സർക്കാർ അറിയിച്ചു.