57 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് അംഗീകാരം
സ്വന്തം ലേഖകൻ
Friday, October 3, 2025 3:43 AM IST
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ (കെവി) സ്ഥാപിക്കാൻ കേന്ദ്രസർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം നടന്ന സാന്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടേതാണു തീരുമാനം.
നിലവിൽ കേന്ദ്രീയ വിദ്യാലയങ്ങളില്ലാത്ത ജില്ലകളിൽ 20 സ്കൂളുകളും അവികസിത ജില്ലകളായി നീതി ആയോഗ് പട്ടികപ്പെടുത്തിയ ജില്ലകളിൽ 14 സ്കൂളുകളും സ്ഥാപിക്കും. ഇതോടൊപ്പം മാവോയിസ്റ്റ് തീവ്രവാദ ബാധിത ജില്ലകളിൽ നാല് സ്കൂളുകൾ വീതവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലോ ഉയർന്ന പ്രദേശങ്ങളിലോ അഞ്ച് സ്കൂളുകൾ വീതവും സ്ഥാപിക്കും. ഏകദേശം 86640 വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രസർക്കാർ വ്യക്തമാക്കി.
പദ്ധതിക്കായി അടുത്ത ഒന്പത് വർഷത്തേക്ക് 5862.55 കോടി രൂപയുടെ ചെലവ് വരുമെന്നാണു കണക്കുകൂട്ടൽ. രാജ്യത്തിനുപുറത്തുള്ള മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ ആകെ 1288 കേന്ദ്രീയ വിദ്യാലയങ്ങളാണ് നിലവിലുള്ളത്.
കഴിഞ്ഞവർഷം 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന പ്രക്രിയയ്ക്ക് പ്രത്യേക മാർഗനിർദേശങ്ങളുണ്ടെങ്കിലും പ്രധാനമായും കേന്ദ്രസർക്കാർ ജീവനക്കാരുടെയും പ്രതിരോധ ഉദ്യോഗസ്ഥരുടെയും മക്കൾക്കാണ് മുൻഗ ണന.