ജനകീയ പ്രക്ഷോഭങ്ങളിൽ വിജയികളില്ല: മോഹൻ ഭാഗവത്
Friday, October 3, 2025 3:43 AM IST
ന്യൂഡല്‍ഹി: ആര്‍എസ്എസ് (രാഷ്ട്രീയ സ്വയംസേവക് സംഘ്) നൂറാം വാര്ഷികാഘോഷങ്ങള്ക്കു വിജയദശമി ദിനത്തില്‍ നാഗ്പുരില്‍ തുടക്കം. പരമ്പരാഗത ശസ്ത്രപൂജയോടെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ആണ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്.
സംഘടനാ സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന് ആദരാഞ്ജലി അര്‍പ്പിച്ചതിനുശേഷം സംസാരിച്ച അദ്ദേഹം കടന്നുള്ള ഭീകരത മുതല്‍ അയൽരാജ്യങ്ങളിൽ സമീപകാലത്തു നടന്ന പ്രക്ഷോഭങ്ങൾ വരെ ഒട്ടേറെ വിഷയങ്ങളിൽ സംഘടനയുടെ നിലപാട് വ്യക്തമാക്കി.
ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും സംഭവിച്ചതുപോലുള്ള അസമാധാനം രൂപപ്പെടുത്താൻ രാജ്യത്തിനകത്തും പുറത്തും ചില ശക്തികൾ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരും സമൂഹവും തമ്മിലുള്ള അകലം കൂടിയതാണ് അയൽരാജ്യങ്ങൾക്കു വിനയായത്. ജനകീയ പ്രശ്നങ്ങളോടു മുഖംതിരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരേ ജനരോഷം ഉയരുക സ്വഭാവികമാണ്.
എന്നാൽ, ജനക്കൂട്ടം ഇത്തരത്തില്‍ അതൃപ്തി പ്രകടിപ്പിക്കുമ്പോള്‍ ഒരാൾക്കുപോലും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ലോകത്ത് നടന്ന ജനകീയ പ്രക്ഷോഭങ്ങളൊന്നും ലക്ഷ്യം നേടിയിട്ടില്ലെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം അഭിമുഖീകരിക്കാൻ കൂടുതൽ ശ്രമം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. രാജ്യത്തു പ്രകൃതി ദുരന്തങ്ങൾ വർധിച്ചു. മണ്ണിടിച്ചിലും നിർത്താതെയുള്ള മഴയും സാധാരണമാണ്. മൂന്നുനാലുവർഷമായി ഇതാണ് സ്ഥിതി. ഹിമാലയമെന്നത് രാജ്യത്തിന്റെ സുരക്ഷാമതിലും ദക്ഷിണേന്ത്യയുടെ മുഴുവൻ ജലസ്രോതസുമാണ്. ദുരന്തങ്ങൾക്കു പിന്നിൽ ഇപ്പോഴത്തെ വികസനരീതികളുണ്ടെങ്കിൽ തീരുമാനങ്ങൾ നമുക്കു പുനഃപരിശോധിക്കേണ്ടിവരും.
യുഎസിന്റെ അധികച്ചുങ്കം രാജ്യത്തിനു ഭീഷണിയാകില്ലെന്നും ആർഎസ്എസ് മേധാവി അഭിപ്രായപ്പെട്ടു. സ്വന്തം താത്പര്യങ്ങൾ മാത്രം പരിഗണിച്ചാണ് യുഎസിന്റെ തീരുമാനം. ലോകം പരസ്പരം ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു രാജ്യത്തിനും ഒറ്റപ്പെട്ട് നിലനിൽക്കാൻ കഴിയാത്ത അവസ്ഥയാണിന്ന്-അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജിയുടെ സംഭാവനകൾ അവിസ്മരണീയമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ് ട്ര മുഖ്യന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.