യുകെയിൽ ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു
Friday, October 3, 2025 1:24 AM IST
മാഞ്ചസ്റ്റർ: യുകെയിലെ മാഞ്ചസ്റ്ററിൽ സിനഗോഗിൽ (ജൂത ദേവാലയം) ഉണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിൽ ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.
ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റിയ അക്രമി ആളുകളെ കുത്തുകയായിരുന്നു. മാഞ്ചസ്റ്ററിന് വടക്കുഭാഗത്തുള്ള സിനഗോഗിലായിരുന്നു ആക്രമണം. അക്രമിയുടെ കൈവശം സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നോയെന്ന് ബോംബ് സ്ക്വാഡ് പരിശോധിക്കുന്നുണ്ട്. ജൂതമതവിശ്വാസികളുടെ വിശുദ്ധ ദിവസമായ യോം കിപ്പുർ ആചരണത്തിനിടയിലാണ് ആക്രമണം.
സംഭവം ഞെട്ടിച്ചുവെന്നും രാജ്യത്തെ സിനഗോഗുകൾക്ക് സുരക്ഷ വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി കിയർ സ്റ്റാർമർ പ്രതികരിച്ചു.