ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് താലിബാനോട് യുഎൻ
Tuesday, September 30, 2025 11:42 PM IST
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് യുഎൻ ദൗത്യസംഘം താലിബാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
കാബൂളിൽ സർക്കാർ ഏർപ്പെടുത്തിയ ഇന്റനെറ്റ്, ടെലികമ്യൂണിക്കേഷൻ നിരോധനം മൂലം രാജ്യത്തിനു പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനു ശേഷമുള്ള ആദ്യത്തെ രാജ്യവ്യാപക അടച്ചുപൂട്ടലാണിതെന്നും ഇത് അടിച്ചമർത്തലിന്റെ ഭാഗമാണെന്നും ദൗത്യസംഘം അഭിപ്രായപ്പെട്ടു.
താലിബാൻ നേതാവ് ഹിബാത്തുള്ള അഖുന്ദ്സാദ പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് അഫ്ഗാനിലെ നിരവധി പ്രവിശ്യകളിൽ ഫൈബർ ഒപ്റ്റിക് ബന്ധം ഉൾപ്പെടെ നഷ്ടപ്പെട്ടിരിക്കുകയാണ്.
ഇത്തരം നിയന്ത്രണങ്ങൾ രാജ്യത്ത് അസ്ഥിരത സൃഷ്ടിച്ചിരിക്കുകയാണെന്നും അയൽ രാജ്യങ്ങളിൽനിന്ന് അഫ്ഗാൻ ഒറ്റപ്പെടുമെന്നും യുഎൻ സംഘം പറഞ്ഞു.