പാക് സൈനിക ആസ്ഥാനത്തിനു സമീപം സ്ഫോടനം; 10 പേർ കൊല്ലപ്പെട്ടു
Tuesday, September 30, 2025 11:42 PM IST
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ പാരാമിലിട്ടറി സേനയെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു.
ബലൂചിസ്ഥാന്റെ ക്വെറ്റയിലെ ഫ്രോണ്ടിയർ കോൺസ്റ്റാബുലറി (എഫ്സി) ആസ്ഥാനത്തിനു തൊട്ടടുത്തായിരുന്നു സ്ഫോടനം. പത്തു പേർ കൊല്ലപ്പെട്ടതായി ബലൂചിസ്ഥാൻ ആരോഗ്യ മന്ത്രി ബഖ്ത് മുഹമ്മദ് കക്കർ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയിൽ സുരക്ഷാസൈനികർക്കു നേർക്ക് നിരന്തരം ആക്രമണമുണ്ടാകാറുണ്ട്.