ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്ന് വൻദുരന്തം
Tuesday, September 30, 2025 11:42 PM IST
സിഡോയാർജോ: ഇന്തോനേഷ്യയിലെ സ്കൂൾ കെട്ടിടം തകർന്ന് മൂന്ന് വിദ്യാർഥികൾ മരിച്ചു. 100 പേർക്ക് പരിക്കേറ്റെന്നും നിരവധിയാളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നെന്നും വിവരമുണ്ട്.
സിഡോയാർജോയിലുള്ള ഈസ്റ്റ് ജാവയിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിംഗ് സ്കൂളിലെ പ്രാർഥനാമുറിയാണു തകർന്നുവീണത്.
രക്ഷാപ്രവർത്തകരും പോലീസും ചേർന്ന് പരിക്കേറ്റ എട്ടു പേരെ പുറത്തെടുത്തു. ഇന്നലെ രാവിലെ 10.15ന് തകർന്നുവീണ കോൺക്രീറ്റ് പാളികൾ വീണ്ടും ശക്തമായി കുലുങ്ങിയത് പരിഭ്രാന്തി പരത്തി.
മറ്റൊരു തകർച്ച കൂടി പ്രതീക്ഷിച്ച് ആളുകൾ ഓടിമാറിയെങ്കിലും ഉച്ചയ്ക്ക് 1.45ന് രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. 12നും പതിനെട്ടിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് കാണാതായ വിദ്യാർഥികളിൽ അധികവും.