ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങളില്‍ ലോകം കണ്ണടയ്ക്കുന്നു: യുഎന്നില്‍ വത്തിക്കാൻ
Friday, October 3, 2025 1:24 AM IST
വത്തിക്കാന്‍ സിറ്റി: സമീപ വർഷങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവര്‍ക്കു നേരേ ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം കണ്ണടയ്ക്കുകയാണെന്നും ഇത് അന്ത്യന്തം അപലപനീയമാണെന്നും വത്തിക്കാൻ. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യവേ വത്തിക്കാന്റെ അന്താരാഷ്ട്ര വിഭാഗം സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗല്ലഹറാണ് ഈ ആശങ്ക പങ്കുവച്ചത്.
ലോകമെമ്പാടും ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന മതസമൂഹം ക്രൈസ്തവരാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നിട്ടും അന്താരാഷ്ട്ര സമൂഹം അവരുടെ ദുരവസ്ഥയ്ക്കു നേരേ കണ്ണടയ്ക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ശാരീരിക പീഡനം, തടവ്, നിർബന്ധിത നാടുകടത്തൽ, രക്തസാക്ഷിത്വം എന്നിവയുൾപ്പെടെയുള്ള കഠിനമായ പീഡനങ്ങൾക്കു വിധേയരാകുന്നു.
360 ദശലക്ഷത്തിലധികം ക്രൈസ്തവര്‍ ഉയർന്ന തോതിലുള്ള പീഡനമോ വിവേചനമോ അനുഭവിക്കുന്ന പ്രദേശങ്ങളിലാണു താമസിക്കുന്നതെന്നും വത്തിക്കാന്റെ ഉന്നത നയതന്ത്രജ്ഞൻകൂടിയായ ആർച്ച്ബിഷപ് ഗല്ലഹർ അഭിപ്രായപ്പെട്ടു.
സമീപ വർഷങ്ങളിൽ പള്ളികൾക്കും ഭവനങ്ങള്‍ക്കും സമൂഹങ്ങൾക്കും നേരേയുള്ള ആക്രമണങ്ങൾ വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗർഭധാരണം മുതൽ പ്രകൃതിദത്ത മരണം വരെ ഒരു മനുഷ്യന് ജീവിക്കാനുള്ള അവകാശമുണ്ടെന്നു വ്യക്തമാക്കിയ അദ്ദേഹം ഗർഭഛിദ്രം, ദയാവധം തുടങ്ങിയ തിന്മകളിൽനിന്നു ജീവനെ സംരക്ഷിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ഗർഭഛിദ്രം, ദയാവധം എന്നീ തിന്മകളെ ‘മരണസംസ്കാരം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.