ഗ്രേറ്റയെ വീണ്ടും തടഞ്ഞ് ഇസ്രയേൽ
Friday, October 3, 2025 1:24 AM IST
ജറുസലെം: ഗാസയിലേക്കു സഹായവുമായെത്തിയ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തുംബെറിയുൾപ്പെടെയുള്ളവരെ ഇസ്രയേൽ തടഞ്ഞു. ഗ്ലോബല്‍ സുമുദ് ഫ്ളോട്ടിലയുടെ (ജിഎസ്എഫ്) ഭാഗമായ ബോട്ടുകളുടെ വ്യൂഹത്തെ ഇസ്രയേൽ നാവികസേന തടയുകയും മനുഷ്യാവകാശ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നാൽപ്പതിലധികം ബോട്ടുകളിലായി 500 ആക്ടിവിസ്റ്റുകളുമായാണ് ഫ്ളോട്ടില ഗാസയിലേക്കു സഹായവുമായെത്തിയത്. ബുധനാഴ്ച വൈകുന്നേരം ഗാസ തീരത്തിനടുത്ത് ഇസ്രയേലി നാവികസേന ഇവരെ തടഞ്ഞു.
ഗ്രേറ്റ തുംബെറി, ബാഴ്സലോണ മുൻ മേയർ അഡ കൊളാവു, യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസൻ തുടങ്ങിയ ആക്ടിവിസ്റ്റുകളെ ഫ്ളോട്ടിലയിൽനിന്നു കസ്റ്റഡിയിലെടുത്തു. ഇവർ സുരക്ഷിതരാണെന്നും അവരവരുടെ ദേശങ്ങളിലേക്കു നാടുകടത്തുമെന്നും ഇസ്രയേൽ അറിയിച്ചു.
ഫ്ളോട്ടില ഗ്ലോബല്‍ സുമുദ് സംഘത്തെ തടഞ്ഞതിനെതിരേ വിവിധ രാജ്യങ്ങളിൽ പ്രതിഷേധം നടന്നു. റോം, നേപ്പിൾസ്, ഇസ്താംബുൾ, ഏഥൻസ്, ബ്യൂണസ് ഐറിസ് എന്നിവയുൾപ്പെടെ നിരവധി പ്രധാന നഗരങ്ങളിൽ ഇസ്രയേൽ നടപടിയിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി.
ഇസ്രയേൽ നടപടിയെ നിരവധി രാജ്യങ്ങൾ അപലപിച്ചു. ഇറ്റലിയിലെ ഏറ്റവും വലിയ യൂണിയൻ വെള്ളിയാഴ്ച ഒരു ദിവസത്തെ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു. ഇസ്രയേൽ നടപടിയെ ഭീകരപ്രവർത്തനമെന്നാണ് തുർക്കി വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ് ഇസ്രയേൽ നടത്തിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച്, ഇസ്രയേൽ നയതന്ത്രപ്രതിനിധികളെ പുറത്താക്കുമെന്ന് കൊളംബിയ അറിയിച്ചു.
ഇസ്രയേലുമായുള്ള സ്വതന്ത്ര വ്യാപാരകരാർ അവസാനിപ്പിക്കുമെന്നും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. രണ്ട് കൊളംബിയൻ പൗരന്മാർ ഫ്ളോട്ടിലയുടെ ഭാഗമാണ്.