ഗാസ സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത് മാർപാപ്പ
Friday, October 3, 2025 1:24 AM IST
വത്തിക്കാന്‍ സിറ്റി: ഗാസയിലെ സമാധാനത്തിനുവേണ്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച പദ്ധതിയെ സ്വാഗതം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.
ഗാസാ പ്രശ്നപരിഹാരത്തിനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അംഗീകാരത്തോടെ ട്രംപ് മുന്നോട്ടുവച്ച ഇരുപതിന പദ്ധതി യാഥാർഥ്യബോധത്തോടെയുള്ളതെന്നാണു താൻ മനസിലാക്കുന്നതെന്ന് വേനല്‍ക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ മാർപാപ്പ പറഞ്ഞു.
ഹമാസ് നേതാക്കൾ ഈ പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ അംഗീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഗാസയിൽ വെടിനിർത്തൽ ഉണ്ടാകേണ്ടതും ബന്ദികളായി തട്ടിക്കൊണ്ടുപോകപ്പെട്ടവർ സ്വാതന്ത്രരാക്കപ്പെടുന്നതും പ്രധാനപ്പെട്ടതാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് വിളിച്ചുചേർത്ത സൈനിക സമ്മേളനത്തിൽ, വേണ്ടിവന്നാൽ ആണവായുധം ഉപയോഗിച്ചുള്ള യുദ്ധത്തിനുപോലും തയാറാണെന്നു പറഞ്ഞതിനെക്കുറിച്ചു പ്രതികരിക്കവെ, ഇത്തരത്തിലുള്ള സംസാരം ആശങ്കപ്പെടുത്തുന്നതാണെന്ന് മാർപാപ്പ അഭിപ്രായപ്പെട്ടു.
പ്രതിരോധ മന്ത്രാലയം എന്നതിനു പകരം യുദ്ധമന്ത്രാലയം എന്ന പേര് സ്വീകരിക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് ട്രംപ് പറഞ്ഞത് വെറുമൊരു സംസാരശൈലി മാത്രമാണെന്ന് കരുതാമെന്നും ബലപ്രയോഗത്തിലൂടെ സമ്മർദം ചെലുത്താനുള്ള ശ്രമമാണിതെന്നും യുദ്ധം ഉണ്ടാകില്ലെന്നു നമുക്ക് പ്രതീക്ഷിക്കാമെന്നും പറഞ്ഞ മാർപാപ്പ, സമാധാനത്തിനായി പ്രവർത്തിക്കേണ്ടതുണ്ടെന്നും ഓർമിപ്പിച്ചു.