തീയണയാതെ പിഒകെ
Friday, October 3, 2025 1:24 AM IST
ഇസ്ലാമാബാദ്: പാക് അധിനിവേശ കാഷ്മീരിൽ (പിഒകെ) ക്രമസമാധാനനില വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. പ്രതിഷേധത്തിന് പരിഹാരം കാണാന്‍ രൂപം കൊടുത്ത മധ്യസ്ഥ സമിതി വിപുലീകരിച്ചതായി ഷെഹബാസ് ഷരീഫ് അറിയിച്ചു.
ജമ്മു കാഷ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെകെജെഎഎസി) മൂന്നു ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ നീക്കം.
ജെകെജെഎഎസിയും പാക് അധിനിവേശ കാഷ്മീർ പ്രതിനിധികളും സർക്കാരുമായി നടന്ന ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണു സമരം പ്രഖ്യാപിച്ചത്. ദിവസങ്ങളായി പാക് അധീന കാഷ്മീരിൽ പാക് സര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. സംഘർഷത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു.
172 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. പ്രതിഷേധത്തിനിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, അന്വേഷണത്തിന് ഉത്തരവിട്ടതായും പ്രസ്താവനയിൽ അറിയിച്ചു. പാക്കിസ്ഥാനില്‍ ജീവിക്കുന്ന കാഷ്മീരി അഭയാര്‍ഥികള്‍ക്കുള്ള 12 സീറ്റുകളുടെ സംവരണം അവസാനിപ്പിക്കണം എന്നതുള്‍പ്പെടെ 38 ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.
സെനറ്റർ റാണ സനാവുള്ള, ഫെഡറല്‍ മന്ത്രിമാരായ സർദാർ യൂസഫ്, അഹ്സാൻ ഇഖ്ബാൽ, പിഒകെ മുൻ പ്രസിഡന്റ് മസൂദ് ഖാൻ, മുൻ മന്ത്രി ഖമർ സമാൻ കൈറ എന്നിവരെയാണു സമിതിയിൽ പുതുതായി ഉൾപ്പെടുത്തിയത്.
പിഒകെ പ്രധാനമന്ത്രി ചൗധരി അൻവാറുൽ ഹഖ്, ഫെഡറല്‍ മന്ത്രി താരിഖ് ഫസൽ ചൗധരി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഇതിനകം പ്രതിഷേധക്കാരുമായി ചർച്ച നടത്തിവരികയാണ്.