ജെയിൻ ഗുഡാൾ അന്തരിച്ചു
Friday, October 3, 2025 1:24 AM IST
ന്യൂയോർക്ക്: ലോകപ്രശസ്ത നരവംശ ശാസ്ത്രജ്ഞയും പരിസ്ഥിതി പ്രവർത്തകയുമായ ഡോ. ജെയിൻ ഗുഡാൾ (91) അന്തരിച്ചു. യുഎസ് പര്യടനത്തിനിടെ കലിഫോർണിയയിലായിരുന്നു അന്ത്യം. ഇവർ സ്ഥാപിച്ച ജെയ്ൻ ഗുഡാൾ ഇൻസ്റ്റിറ്റ്യൂട്ട് ആണ് മരണവിവരം പുറത്തുവിട്ടത്. ചിന്പാൻസികളെക്കുറിച്ചുള്ള വിപ്ലവകരമായ ഗവേഷണങ്ങളിലൂടെയാണ് ഗുഡാൾ ലോകമെങ്ങും പ്രശസ്തി നേടിയത്.
1934ൽ ലണ്ടനിലാണ് ജെയിൻ ജനിച്ചത്. 1960കളിൽ ടാൻസാനിയയിലെ ഗോംബെ സ്ട്രീം നാഷണൽ പാർക്കിൽവച്ച് ചിന്പാൻസികളുടെ സാമൂഹിക പെരുമാറ്റത്തെക്കുറിച്ച് അവർ നടത്തിയ പഠനം. മൃഗങ്ങളെക്കുറിച്ചുള്ള പഠനത്തിൽ വലിയ മാറ്റമാണു വരുത്തിയത്. ചിന്പാൻസികൾക്കും മനുഷ്യർക്കുമുള്ള സാമ്യത്തെക്കുറിച്ചുള്ള ഡോ. ഗുഡാളിന്റെ കണ്ടെത്തലുകൾ വിപ്ലകരമായ മാറ്റമുണ്ടാക്കി. 1977ൽ അവർ ജെയിൻ ഗുഡാൾ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.
വന്യജീവി ഗവേഷണത്തിലും ആവാസവ്യവസ്ഥാ സംരക്ഷണത്തിലും ആഗോള നേതൃത്വം വഹിക്കുന്ന പ്രസ്ഥാനമാണിത്. 1991ൽ റൂട്ട്സ് ആൻഡ് ഷൂട്ട്സ് പോലുള്ള പരിപാടികളിലൂടെ യുവതലമുറയെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് ആകർഷിക്കുന്നതിൽ ജെയ്ൻ ഗുഡാൾ വലിയ പങ്കാണു വഹിച്ചത്. ഇന്ത്യടക്കം 75 രാജ്യങ്ങളിൽ ഇത് സജീവമാണ്. 2002ൽ ഐക്യരാഷ്ട്രസഭയുടെ ‘മെസഞ്ചർ ഓഫ് പീസ്’ ആയി ഗുഡാൾ തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഉൾപ്പെടെ എണ്ണമറ്റ ബഹുമതികൾ ഗുഡാളിനെ തേടിയെത്തി. 27 പുസ്തകങ്ങൾ ഇവർ രചിച്ചു.