ഉത്തര്‍പ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്; വിവാഹമണ്ഡപവും മദ്രസയും പൊളിച്ചുമാറ്റി
Friday, October 3, 2025 3:43 AM IST
സംബാല്‍: ഉത്തര്‍പ്രദേശിലെ സാംഭലില്‍ വീണ്ടും ബുൾഡോസർ രാജ്. അനധികൃതമായി നിര്‍മിച്ച വിവാഹമണ്ഡപവും മദ്രസയും അധികൃതർ പൊളിച്ചുമാറ്റി. ബുസുര്‍ഗ് ഗ്രാമത്തിലെ പള്ളിയുടെ ഒരു ഭാഗമാണ് മണ്ണുമാന്തിയന്ത്രമുപയോഗിച്ച് പൊളിച്ചത്.
അനധികൃതമായി നിര്‍മിച്ച മോസ്ക് നാലുദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കമ്മിറ്റിക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയിട്ടുണ്ട്. മോസ്ക് കമ്മിറ്റി അംഗങ്ങള്‍ സ്വന്തമായി പൊളിച്ചുമാറ്റല്‍ പ്രക്രിയ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പൊതുകുളവും മൈതാനവുമുണ്ടായിരുന്ന സ്ഥലത്താണു പള്ളി നിര്‍മിച്ചതെന്നും എല്ലാ കക്ഷികളെയും കേട്ടശേഷം തഹസില്‍ദാര്‍ ഒരു മാസംമുമ്പ് നോട്ടീസ് നല്‍കിയതായും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. കുളവും കമ്പോസ്റ്റ് കുഴിയും നിര്‍മിക്കാന്‍ രണ്ടേക്കറോളം സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയിരുന്നു. ഈ സ്ഥലത്താണ് അനധികൃത നിര്‍മാണം നടന്നത്. സമയപരിധി അവസാനിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടം പൊളിച്ചുനീക്കിയത്. സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ സാംഭലില്‍ പോലീസ് വിന്യാസം ശക്തമാക്കി.
ബറേലിയില്‍ അതീവ ജാഗ്രത, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു
ബറേലി: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നാളെ ഉച്ചകഴിഞ്ഞ് മൂന്നുവരെ 48 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ദസറ, ദുര്‍ഗാപൂജ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.
ഫേസ്ബുക്ക്, യുട്യൂബ്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ അത് വര്‍ഗീയസംഘര്‍ഷത്തിന് വഴിയൊരുക്കും. സമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു.
സംഘര്‍ഷഭരിതമായ സ്ഥലങ്ങളില്‍ സായുധ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നബിദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞയാഴ്ച വിവിധയിടങ്ങളില്‍ ‘ഐ ലവ് മുഹമ്മദ്’ ബാനര്‍ ഉയര്‍ത്തിയതിനു പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്.