ജനാധിപത്യം ആക്രമിക്കപ്പെടുന്നു: രാഹുൽ ഗാന്ധി
Friday, October 3, 2025 3:43 AM IST
ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യസംവിധാനങ്ങൾ ഒന്നാകെ ആക്രമണത്തിനു വിധേയമാവുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യത്യസ്ഥ ആശയധാരകളെ വളരാൻ അനുവദിക്കുക രാജ്യത്തിനു പരമപ്രധാനമാണ്.
ജനങ്ങളെ അടിച്ചമർത്തി ഏകാധിപത്യരീതി പിന്തുടരുന്ന ചൈനയിലേതുപോലെ ആകാൻ ഇന്ത്യക്കു കഴിയില്ല- കൊളംബിയയിലെ മെഡെലിനിൽ ഇഐഎ സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിൽ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
"രാജ്യത്തെക്കുറിച്ച് ഏറെ ശുഭാപ്തിവിശ്വാസമുള്ള ആണാണ് ഞാൻ. എന്നാൽ ഇന്ത്യയുടെ ഘടനയ്ക്കുള്ളിൽ പിഴവുകളുണ്ട്. ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണു രാജ്യം അഭിമുഖീകരിക്കുന്ന വലിയ അപകടസാധ്യത. ഒന്നിലധികം മതങ്ങളും പാരമ്പര്യങ്ങളും ഭാഷകളും നമുക്കണ്ട്. അതിനാൽ ഈ വ്യത്യസ്തമായ ആശയങ്ങളും മതങ്ങളും നിലനില്ക്കുന്നതിന് ശക്തമായ ജനാധിപത്യ അടിത്തറ അനിവാര്യമാണ്’-രാഹുൽ വ്യക്തമാക്കി.