മണിക്കൂറിൽ ഒന്നിലേറെ കർഷക ആത്മഹത്യകൾ
സനു സിറിയക്
Friday, October 3, 2025 3:43 AM IST
ന്യൂഡൽഹി: രാജ്യത്തു മണിക്കൂറിൽ ഒന്നിലേറെ കർഷക ആത്മഹത്യകൾ നടക്കുന്നതായി കണക്കുകൾ. കാർഷികമേഖല നേരിടുന്ന സാന്പത്തിക പ്രതിസന്ധി മൂലം 2023ൽ മാത്രം 10786 കർഷക ആത്മഹത്യകളാണു രാജ്യത്തുണ്ടായത്.
ഇതേ വർഷം രാജ്യത്തുണ്ടായ ആകെ ആത്മഹത്യകളിൽ 6.3 ശതമാനവും കർഷകരോ കർഷകത്തൊഴിലാളികളോ ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ വ്യക്തമാക്കുന്നു. 2023ൽ രാജ്യത്ത് ആകെ സംഭവിച്ച ആത്മഹത്യകളുടെ കണക്കുകളാണ് എൻസിആർബി കഴിഞ്ഞദിവസം പുറത്തുവിട്ടത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ സംഭവിച്ചത്. കർഷകരോ കർഷകത്തൊഴിലാളികളോ ആയ 4,151 പേരാണു ഇവിടെ 2023ൽ ആത്മഹത്യ ചെയ്തത്. ആകെ കർഷക ആത്മഹത്യകളുടെ 38 ശതമാനം.
കർണാടകയിൽ 2423 കർഷകരും ആന്ധ്രപ്രദേശിൽ 925 കർഷകരും ആത്മഹത്യ ചെയ്തു. മധ്യപ്രദേശിൽ 777 കർഷകരും തമിഴ്നാട്ടിൽ 631 കർഷകരും ആത്മഹത്യ ചെയ്തതായും എൻസിആർബി റിപ്പോർട്ടിലുണ്ട്. കേരളത്തിൽ കർഷകരോ കർഷത്തൊഴിലാളികളോ ആയ 132 ആത്മഹത്യകൾ 2023ൽ നടന്നിട്ടുണ്ട്. മഹാരാഷ്ട്രയിലും കർണാടകയിലും കർഷകത്തൊഴിലാളികളേക്കാൾ കൂടുതൽ കർഷകരാണ് ആത്മഹത്യ ചെയ്തത്. എന്നാൽ ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ കൂടുതലും ആത്മഹത്യ ചെയ്തത് കർഷകത്തൊഴിലാളികളാണ്.
2023ലെ കർഷക ആത്മഹത്യകളിൽ 60 ശതമാനത്തിലധികവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലാണ്. 2022ലെ കണക്കുകൾ പ്രകാരവും ഈ സംസ്ഥാനങ്ങളിലായിരുന്നു ഏറ്റവുമധികം കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത്. പരുത്തി, കരിന്പ് തുടങ്ങിയ വിളകളെ ആശ്രയിക്കുന്നതാണ് കർഷക ആത്മഹത്യകളിലേക്കു നയിക്കുന്നതിനുള്ള പ്രധാന കാരണം. ഈ വിളകൾക്ക് വലിയ നിക്ഷേപം ആവശ്യമാണ്. അതിനാൽത്തന്നെ കൃഷിക്ക് പണം വായ്പയെടുക്കാൻ കർഷകരെ നിർബന്ധിതരാകുന്നു. എന്നാൽ വിളകൾക്കു നാശം സംഭവിക്കുന്നത് കർഷകരെ കനത്ത നഷ്ടത്തിലേക്കും തുടർന്ന് ആത്മഹത്യകളിലേക്കും തള്ളിവിടുന്നു.
പശ്ചിമബംഗാൾ, ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, അരുണാചൽപ്രദേശ്, ഗോവ, മണിപ്പുർ, മിസോറം, നാഗാലാൻഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും ചണ്ഡിഗഡ്, ഡൽഹി, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലും 2023ൽ കർഷകരുടെയും കർഷകത്തൊ ഴിലാളികളുടെയും ആത്മഹത്യകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, 2022നെ അപേക്ഷിച്ച് 2023ൽ കർഷക ആത്മഹത്യകളിൽ കുറവുണ്ടായതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്.