ജാർഖണ്ഡിൽ വൈദികരെ ആക്രമിച്ച് കവർച്ച
Friday, October 3, 2025 3:43 AM IST
റാഞ്ചി: ജാർഖണ്ഡിൽ വൈദികരെ ആക്രമിച്ചശേഷം പള്ളിയിലും പള്ളിമുറിയിലും കവർച്ച. സിംദേഗ ജില്ലയിലെ തുംദേഗിയിലുള്ള സെന്റ് ജോസഫ് പള്ളിയിലാണ് ബുധനാഴ്ച പുലർച്ചെ മുഖംമൂടി ധരിച്ചെത്തിയ 12 പേരടങ്ങുന്ന സംഘം അതിക്രമിച്ചു കയറി വൈദികരെ ആക്രമിച്ചശേഷം മൂന്നു ലക്ഷം രൂപയും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫാ. ഡീൻ തോമസ് സോറെംഗ്, ഫാ. ഇമ്മാനുവൽ ബാഗ്വാർ എന്നിവരെ സിംദേഗയിലെ സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ പ്രാഥമിക ലക്ഷ്യം കവർച്ചയാണെന്ന് അനുമാനിക്കുന്നുണ്ടെങ്കിലും ക്രൈസ്തവകേന്ദ്രത്തെ മനഃപൂർവം ലക്ഷ്യംവയ്ക്കുന്നത് സാമുദായിക ഐക്യത്തെയും പൊതുസുരക്ഷയെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിരിക്കുകയാണെന്നും ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും പ്രാദേശിക സഭാ നേതൃത്വം ആവശ്യപ്പെട്ടു.
നാലു മാസത്തിനിടെ ഇവിടെ പള്ളിയിൽ നടക്കുന്ന രണ്ടാമത്തെ കവർച്ചയാണിത്. കഴിഞ്ഞ ജൂണിൽ അക്രമിസംഘം സിംദേഗയിലെ സെന്റ് തെരേസാസ് പള്ളിയിലേക്ക് അതിക്രമിച്ചുകയറി മൂന്നു വൈദികരെ ആക്രമിച്ചശേഷം പണം കവർച്ച ചെയ്തിരുന്നു.