അഞ്ച് വർഷത്തിനുശേഷം ഇന്ത്യ-ചൈന വിമാനസർവീസ്
Friday, October 3, 2025 3:43 AM IST
ന്യൂഡൽഹി: അഞ്ച് വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നു. കിഴക്കൻ ലഡാക്കിലെ സംഘർഷത്തെത്തുടർന്ന് നിർത്തിവച്ച, നേരിട്ടുള്ള വിമാനസർവീസുകൾ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കാനാണ് ധാരണ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തി ഒരു മാസത്തിനുശേഷമാണ് വിമാനസർവീസുകളുടെ കാര്യത്തിൽ വിദേശകാര്യമന്ത്രാലയത്തിന്റെ അറിയിപ്പ്. ടിയാൻജിനിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയായിരുന്നു മോദിയും ഷി ചിൻപിംഗും നേരിൽക്കണ്ടത്.
2020 ൽ കോവിഡിനെത്തുടർന്നാണ് നേരിട്ടുള്ള വിമാനസർവീസുകൾ ഇരു രാജ്യങ്ങളും നിർത്തിവച്ചത്. പിന്നാലെ കിഴക്കൻ ലഡാക്കിലെ അതിർത്തിപ്രശ്നം ഉയർന്നതോടെ നേരിട്ടുള്ള വിമാനസർവീസുകൾ അനിശ്ചിതമായി നിലച്ചു.
കഴിഞ്ഞ ഒക്ടോബറിൽ കിഴക്കൻ ലഡാക്കിൽനിന്ന് ഇരു സേനയും പിന്മാറുകയും ഉഭയകക്ഷിബന്ധം വീണ്ടും ശക്തമാവുകയും ചെയ്തതോടെ ചർച്ചകളും ഊർജിതമായി. കോൽക്കത്തയിൽനിന്ന് ഗ്വാൻഷുവിലേക്കുള്ള സർവീസുകൾ 26നു തുടങ്ങുമെന്ന് ഇൻഡിഗോ അറിയിച്ചു. ഡൽഹി-ഗ്വാൻഷു സർവീസുകളും പിന്നാലെ തുടങ്ങും.