സർ ക്രീക്കിലെ ഏതൊരു പാക് നീക്കത്തിനും കൃത്യമായ മറുപടി നൽകും: രാജ്നാഥ് സിംഗ്
സ്വന്തം ലേഖകൻ
Friday, October 3, 2025 3:43 AM IST
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള എക്കാലത്തെയും തർക്കമേഖലയായ സർ ക്രീക്കിൽ ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവത്തിന് പാക്കിസ്ഥാൻ സൈന്യം മുതിർന്നാൽ ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കാൻ തക്കതായ പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ഗുജറാത്തിലെ കച്ചിനോടു ചേർന്ന ഈ പ്രദേശത്ത് പാക് സൈന്യം സൈനിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിംഗിന്റെ മുന്നറിയിപ്പ്. സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾ പിന്നിട്ടിട്ടും സർ ക്രീക്കിലെ അതിർത്തി തർക്കം വഷളാക്കാനാണു പാക്കിസ്ഥാൻ ശ്രമിക്കുന്നത്. ചർച്ചയിലൂടെ വിഷയം പരിഹരിക്കാൻ നിരവധി ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായി. ഇക്കാര്യത്തിൽ പാക്കിസ്ഥാന്റെ ഉദ്ദേശ്യം വ്യക്തമായിരുന്നില്ല.
എന്നാൽ ഇപ്പോൾ ഈ മേഖലയിൽ പാക്കിസ്ഥാൻ നടത്തുന്ന സൈനിക അടിസ്ഥാനസൗകര്യങ്ങളുടെ വികസനം ഇപ്പോൾ അവരുടെ ഉദ്ദേശ്യത്തെ വ്യക്തമാക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യൻ സൈന്യവും അതിർത്തിസംരക്ഷണ സേനയും (ബിഎസ്എഫ്) സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സർ ക്രീക്ക് പ്രദേശത്ത് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ ഇന്ത്യ നിർണായക പ്രതികരണത്തിനു മടിക്കില്ല. 1965ലെ യുദ്ധത്തിൽ ലാഹോറിൽ വരെ എത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ കഴിവ് പാക്കിസ്ഥാൻ അനുഭവിച്ചതാണ്. പാക്കിസ്ഥാന്റെ തുറമുഖനഗരമായ കറാച്ചിയിലേക്കുള്ള ഒരു വഴി സർ ക്രീക്കിലൂടെയാണ് കടന്നുപോകുന്നത് എന്ന കാര്യം പാക്കിസ്ഥാൻ ഓർമിക്കണമെന്നും രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നൽകി.
സർ ക്രീക്ക് തർക്കം
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ എക്കാലവും പുകയുന്ന അതിർത്തി പ്രശ്നങ്ങളിൽ ഒന്നാണു ഗുജറാത്തിലെ റാൻ ഓഫ് കച്ചിനും പാക്കിസ്ഥാനും ഇടയിലുള്ള 96 കിലോമീറ്റർ നീളമുള്ള സർ ക്രീക്ക് മേഖല. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയെയും ഗുജറാത്തിലെ കച്ച് മേഖലയെയും വേർതിരിക്കുന്ന ഈ ഭൂപ്രദേശം അറബിക്കടലിനോടു ചേർന്ന തീരമേഖലയാണ്.
സമുദ്രാതിർത്തി രേഖകൾ ഇരു രാജ്യങ്ങളും അവരുടേതായ രീതിയിൽ വ്യാഖ്യാനിക്കുന്നതും അതിർത്തിനിർണയം സാധ്യമാകാത്തതുമാണ് തർക്കത്തിന്റെ കാതൽ. സമുദ്രാതിർത്തി സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതിന് അന്താരാഷ്ട്രതലത്തിൽ സ്വീകരിക്കുന്ന താൽവെഗ് തത്വപ്രകാരം വിഷയം പരിഹരിക്കപ്പെടണമെന്ന് ഇന്ത്യ വാദിക്കുന്പോൾ ഈ മേഖല ജലഗതാഗതത്തിന് അനുയോജ്യമല്ലെന്നും അതിനാൽ താൽവെഗ് തത്വപ്രകാരമുള്ള പരിഹാരം ഇവിടെ സാധ്യമല്ലെന്നുമാണ് പാക്കിസ്ഥാന്റെ പക്ഷം.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന മേഖലകളിൽ ഒന്നായ സർ ക്രീക്ക് മേഖലയിൽ ഇതുവരെയും ഖനനം ചെയ്തെടുക്കാത്ത പെട്രോളിയം, വാതക സ്രോതസുകൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഈ മേഖലയുടെ അധികാരവിഭജനവും തർക്കത്തിന്റെ മറ്റൊരു കാരണമാണ്. വേനൽക്കാലത്ത് പകൽ അത്യുഷ്ണവും ശൈത്യകാലത്തു രാത്രിയിൽ കഠിന തണുപ്പും അനുഭവപ്പെടുന്നതിനാൽ ഈ പ്രദേശത്ത് ഖനനം ബുദ്ധിമുട്ടാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.