കേരളത്തോടു വിവേചനം: വയനാട് പുനരധിവാസം 2221 കോടി ചോദിച്ചു,കിട്ടിയത് 260.56 കോടി!
സ്വന്തം ലേഖകൻ
Friday, October 3, 2025 3:43 AM IST
ന്യൂഡൽഹി: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ പുനരധിവാസത്തിന് 260.56 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതിയാണ് (എച്ച്എൽസി) കഴിഞ്ഞവർഷം ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരൽമല പ്രദേശത്തിന്റെ പുനരധിവാസം, പുനരുദ്ധാരണം തുടങ്ങിയവയ്ക്കായി തുക അനുവദിച്ചത്. വയനാട് പുനരധിവാസത്തിനായി പിഡിഎൻഎ പ്രകാരം 2221 കോടി രൂപയുടെ പ്രത്യേക പാക്കേജാണു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
നേരത്തേ വയനാട് പുനരധിവാസത്തിനു വായ്പയായി 562 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. 2022ൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ആസാമിന് പുനരുദ്ധാരണത്തിനായി 1270.788 കോടി രൂപയും ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്.
ഈ രണ്ടു സംസ്ഥാനങ്ങൾക്കും പുറമെ മധ്യപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് തുടങ്ങി ഒന്‍പത് സംസ്ഥാനങ്ങൾക്ക് 4545 കോടി രൂപയും കേന്ദ്രസർക്കാർ അനുവദിച്ചു. കൂടാതെ തിരുവനന്തപുരം, ഭോപ്പാൽ, ഭുവനേശ്വർ, ഗോഹട്ടി, ജയ്പുർ, കാണ്‍പുർ, പാറ്റ്ന, റായ്പുർ, വിശാഖപട്ടണം, ഇൻഡോർ, ലക്നോ എന്നീ നഗരങ്ങൾക്കായി നഗര പ്രളയ അപകടസാധ്യതാ പരിപാലന പദ്ധതിയുടെ രണ്ടാംഘട്ട നടത്തിപ്പിനായി എച്ച്എൽസി അംഗീകാരം നൽകി. ഇതിനായി ദേശീയ ദുരന്ത ലഘൂകരണ ഫണ്ടിൽനിന്ന് ആകെ 2444.42 കോടി രൂപയുടെ ധനസഹായം നൽകും. വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങൾ/സംസ്ഥാന തലസ്ഥാനങ്ങൾ എന്നനിലയിലാണ് ഈ 11 നഗരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.