പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിനിടെ ഡൽഹിയിൽ തെരുവുനായ ആക്രമണം
Sunday, October 5, 2025 2:02 AM IST
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിനിടെ രണ്ടു വിദേശ കോച്ചുമാർക്ക് തെരുവു നായ്ക്കളുടെ കടിയേറ്റു.
കെനിയൻ പരിശീലകൻ ഡെന്നിസ് മരാഗിയ, ജാപ്പനീസ് പരിശീലക മെയ്കോ ഒകുമാത്സു എന്നിവരാണ് വെള്ളിയാഴ്ച വ്യത്യസ്ത സമയങ്ങളിലായി തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായത്. ചാന്പ്യൻഷിപ്പ് നടക്കുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മത്സരവേദിക്ക് 50 മീറ്റർ മാത്രം അകലെയാണു രാജ്യത്തെ കായിക സംഘാടനത്തിന് അപമാനമേൽപ്പിക്കുന്ന സംഭവമുണ്ടായത്.
ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പേവിഷബാധയ്ക്കെതിരേയുള്ള വാക്സിൻ നൽകിയെന്നും അപകടനില തരണം ചെയ്തുവെന്നും അധികൃതർ അറിയിച്ചു.
കെനിയൻ പരിശീലകന് സ്റ്റേഡിയത്തിനു പുറത്തുവച്ചും ജാപ്പനീസ് പരിശീലകയ്ക്കു മത്സരം നടക്കുന്ന പ്രധാന ഏരിയയോടു ചേർന്നുള്ള വാം-അപ് ട്രാക്കിൽ വച്ചുമാണ് കടിയേറ്റത്. ആക്രമണമുണ്ടായതിനുശേഷം രണ്ടു നായ് പിടിത്ത വാഹനങ്ങൾ സംഭവസ്ഥലത്തെത്തുകയും പത്തോളം തെരുവുനായ്ക്കളെ പിടികൂടി കൊണ്ടുപോകുകയും ചെയ്തു.
സ്റ്റേഡിയത്തിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പ്രദേശത്തുനിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യണമെന്ന് ഓഗസ്റ്റ് 21 ന് ഡൽഹി കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സംഘാടകർ പറഞ്ഞു.