എഐയേക്കാള് മൂല്യങ്ങൾക്ക് പ്രാധാന്യം നൽകാൻ യുവസമൂഹം തയാറാകണം: മന്ത്രി അർജുൻ റാം മേഘ്വാൾ
Saturday, October 4, 2025 2:16 AM IST
കോയമ്പത്തൂർ: എഐയേക്കാള് മൂല്യങ്ങൾക്ക് പ്രാധാന്യം നൽകാൻ യുവസമൂഹം തയാറാകണമെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ. കോയമ്പത്തൂർ അമൃത വിശ്വ വിദ്യാപീഠം കാമ്പസിൽ പ്രവർത്തനം ആരംഭിച്ച അമൃത ഇന്റർനാഷണൽ സ്കൂൾ ഓഫ് ലോ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
നിർമിതബുദ്ധിക്ക് ഭരണഘടനാ നൈതികത പ്രയോഗിക്കാൻ കഴിയില്ല. ഈ കാലഘട്ടത്തിൽ നമ്മുടെ ജീവിതത്തിൽ അന്തിമതീരുമാനം എടുക്കുമ്പോൾ മനുഷ്യമനസിനുതന്നെ പ്രാധാന്യം നൽകണം. ഇന്റർനാഷണൽ ലോ സ്കൂൾ എന്ന ആശയം യാഥാർഥ്യമാവുന്നതു കാലഘട്ടത്തിന്റെതന്നെ ആവശ്യമാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ട രമണി തന്റെ സന്ദേശത്തിൽ പറഞ്ഞു. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.ആർ. ശ്രീരാം ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജി വിക്ടോറിയ ഗൗരി മുഖ്യ പ്രഭാഷണം നടത്തി.
മാതാ അമൃതാനന്ദമയി മഠം ട്രഷററും സർവകലാശാല ഭരണസമിതി അംഗവുമായ സ്വാമി രാമകൃഷ്ണാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് ചാൻസലർ ഡോ. വെങ്കട് രംഗൻ, രജിസ്ട്രാർ ഡോ. പി. അജിത് കുമാർ, ലോ സ്കൂൾ ഡീൻ അനിൽ ജി. വാര്യത്ത് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.