കരൂരിലേത് മനുഷ്യനിർമിത ദുരന്തം: മദ്രാസ് ഹൈക്കോടതി
Saturday, October 4, 2025 2:16 AM IST
ചെന്നൈ: കരൂരിൽ ടിവികെ അധ്യക്ഷനും സൂപ്പര്‍താരവുമായ വിജയ് നയിച്ച റാലിക്കിടെയുണ്ടായ ദുരന്തം അന്വേ ഷിക്കാൻ മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപവത്കരിച്ചു.
സീനിയർ ഐപിഎസ് ഓഫീസർ അശ്ര ഗാർഗ് തലവനായുള്ള എസ്ഐടിയാണു രൂപവത്കരിച്ചത്. നോർത്ത് സോൺ ഐജിയാണ് ഗാർഗ്. സെപ്റ്റംബർ 27ന് കരൂരിലുണ്ടായ ദുരന്തത്തിൽ 41 പേരാണു മരിച്ചത്. അറുപതിലേറെ പേർക്കു പരിക്കേറ്റിരുന്നു.
ഇതിനിടെ, ഇന്നലെ ടിവികെ നേതാക്കളായ ബുസി എൻ. ആനന്ദ്, സി.ടി.ആർ. നിർമൽകുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. ഇരുവർക്കെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഉമാ ആനന്ദൻ നല്കിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. മധുര ബെഞ്ചിനെ സമീപിക്കാൻ ഉമയോടു കോടതി നിർദേശിച്ചു.
""ദുരന്തം നടന്നയുടൻ നേതാവിന് എങ്ങനെ ഓടി രക്ഷപ്പെടാൻ തോന്നി, ആരാണ് ഉത്തരവാദി?''
ചെന്നൈ: വിജയ്ക്കെതിരേ കടുത്ത വിമര്‍ശനമാണ് മദ്രാസ് ഹൈക്കോടതി ഉന്നയിച്ചത്. കരൂരിലേതു മനുഷ്യനിര്‍മിത ദുരന്തമാണെന്നും കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടയാള്‍ക്ക് നേതൃഗുണം ഇല്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
രണ്ടു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും ദുരന്തത്തിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു.
കോടതിക്ക് കണ്ണടച്ചിരുന്ന് മൂകസാക്ഷിയാകാൻ കഴിയില്ലെന്ന് ജസ്റ്റീസ് എൻ. സെന്തില്‍കുമാര്‍ പറഞ്ഞു. ""സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികൾ മരിക്കുമ്പോള്‍ ഒരു നേതാവ് എങ്ങനെയാണ് അവിടെനിന്ന് ഓടിപ്പോകുന്നത്? എന്തു പാർട്ടിയാണിത്? ദുരന്തമുണ്ടായ ഉടൻ എല്ലാ പാർട്ടിക്കാരും സ്ഥലംവിട്ടു. ഇവർക്കു സ്വന്തം അണികളോടുപോലും താത്പര്യമില്ലേ? നേതാവ് ഒളിച്ചോടിയതിനു ലോകം മുഴുവനും സാക്ഷിയാണ്.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം അനുശോചനം രേഖപ്പെടുത്തി. പക്ഷേ നേതാവിന് അല്പംപോലും മനഃസാക്ഷിക്കുത്തില്ല. സംഭവത്തില്‍ മാപ്പു പറയാന്‍ പോലും നേതാവ് തയാറായില്ല. അയാളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണിത് -കോടതി വിമര്‍ശിച്ചു.
വിജയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിൽ സംസ്ഥാന സർക്കാരിനെയും കോടതി വിമര്‍ശിച്ചു. പോലീസിനെതിരേയും കോടതി വിമർശനമുയർത്തി. 41 പേർ മരിച്ചിട്ടും രണ്ടു പ്രാദേശിക നേതാക്കളെ മാത്രം പ്രതികളാക്കിയാണ് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിജയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല.