ടി. ജെ. എസ്. ജോർജ് അന്തരിച്ചു
Saturday, October 4, 2025 2:16 AM IST
ബംഗളൂരു: വിഖ്യാത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം. 2011 രാജ്യം പദ്മഭൂഷണ് നൽകി ആദരിച്ചിരുന്നു. 2019ൽ സ്വദേശാഭിമാനി-കേസരി പുരസ്കാരവും ലഭിച്ചു.
1928 മേയ് ഏഴിന് പത്തനംതിട്ട ജില്ലയിലെ തുന്പമണിലാണ് തയ്യിൽ ജേക്കബ് സോണി ജോർജ് എന്ന ടി.ജെ.എസ്. ജോർജ് ജനിച്ചത്. പിതാവ് തയ്യിൽ തോമസ് ജേക്കബ് മജിസ്ട്രേറ്റായിരുന്നു. അമ്മ: ചാച്ചിയമ്മ ജേക്കബ്. എട്ടു മക്കളിൽ നാലാമനായിരുന്നു ജോർജ്.
ബംഗളൂരുവിലും കോയന്പത്തൂരിലുമാണ് ടി.ജെ.എസ്. ജോർജ് ഏറെക്കാലം കഴിഞ്ഞത്. എറണാകുളം രാമമംഗലം സ്വദേശി പരേതയായ അമ്മുവാണ് ഭാര്യ. ഷേബ തയ്യിൽ, എഴുത്തുകാരനായ ജീത് തയ്യിൽ എന്നിവരാണ് മക്കൾ. പ്രശസ്ത അമേരിക്കൻ ടിവി മാധ്യമപ്രവർത്തകൻ രാജ് മത്തായി അനന്തരവനാണ്.
മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഓണേഴ്സ് ബിരുദം നേടിയ ടി.ജെ.എസ്. ജോർജ്, 1950ൽ ഫ്രീ പ്രസ് ജേർണലിലൂടെയാണു മാധ്യമരംഗത്ത് എത്തിയത്. ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദ സെർച്ച്ലൈറ്റ്, ഫാർ ഈസ്റ്റേണ് ഇക്കണോമിക് റിവ്യൂ എന്നിവയിൽ പ്രവർത്തിച്ച ജോർജ് ഹോങ്കോംഗിലെ ഏഷ്യാ വീക്കിന്റെ സ്ഥാപക എഡിറ്ററാണ്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എഡിറ്റോറിയൽ ഉപദേഷ്ടാവായും പ്രവർത്തിച്ചു.
25 വർഷത്തിലേറെ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയിരുന്ന "പോയിന്റ് ഓഫ് വ്യൂ’എന്ന കോളം ഏറെ പ്രസിദ്ധമായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ പത്രാധിപരായിരുന്നു. വി.കെ. കൃഷ്ണമേനോനാണ് അന്ന് ടിജെഎസിനുവേണ്ടി കോടതിയിൽ ഹാജരായത്.
രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ടി.ജെ.എസ്. ജോർജിന്റെ നിലപാടുകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. എഴുത്തുകാരൻ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്ന നിലയിൽ സുപ്രധാന പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
പത്രപ്രവർത്തനജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ ഘോഷയാത്ര, എം.എസ്. സുബ്ബുലക്ഷ്മി, വി.കെ. കൃഷ്ണമേനോൻ, നർഗീസ്, മുൻ സിംഗപ്പൂർ പ്രസിഡന്റ് ലീ ക്വാൻയു എന്നിവരെക്കുറിച്ചുള്ള ജീവചരിത്ര ഗ്രന്ഥങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 1965 ൽ ബിഹാർ മുഖ്യമന്ത്രിയായിരുന്ന കെ.ബി. സഹായിയെ എതിർത്തതിന്റെ പേരിൽ തടവിലായി.