രാജ്യത്തിന്റെ വനാവരണത്തിൽ ഒരു പതിറ്റാണ്ടിനിടെ 2.5 ശതമാനം വർധന
Saturday, October 4, 2025 2:16 AM IST
സീനോ സാജു
ന്യൂഡൽഹി: ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ വനാവരണം നേരിയ ശതമാനം വർധിച്ചെന്നു കേന്ദ്രസർക്കാരിന്റെ കണക്ക്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം കഴിഞ്ഞ മാസാവസാനം പുറത്തിറക്കിയ ‘വനത്തിനെ സംബന്ധിച്ചുള്ള പാരിസ്ഥിതിക അക്കൗണ്ടിംഗ്’ റിപ്പോർട്ടിലാണ് രാജ്യത്തെ വനാവരണം 2010-11നും 2021-22നും ഇടയിൽ 2.5 ശതമാനം വർധിച്ചിട്ടുള്ളതായി വ്യക്തമാക്കിയിട്ടുള്ളത്.
2010-11ൽ രാജ്യത്തിന്റെ വനാവരണം 6,97,898 ചതുരശ്ര കിലോമീറ്ററാണെങ്കിൽ 2021-22ലെത്തിയപ്പോൾ ഇത് 17,444 ചതുരശ്ര കിലോമീറ്റർ വർധിച്ച് 7,15,342 ചതുരശ്ര കിലോമീറ്ററായെന്നാണു റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
സംസ്ഥാനങ്ങളുടെ കണക്കെടുക്കുന്പോൾ ഒരു പതിറ്റാണ്ടിനിടെ രാജ്യത്ത് ഏറ്റവുമധികം വനാവരണമുണ്ടായത് കേരളത്തിലാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2010-11ൽ കേരളത്തിലെ വനാവരണം 17,922 ചതുരശ്ര കിലോമീറ്ററാണെങ്കിൽ 2021-22ൽ ഇത് 4137 ചതുരശ്ര കിലോമീറ്റർ വർധിച്ച് 22,059 ചതുരശ്ര കിലോമീറ്ററായെന്നാണു റിപ്പോർട്ടിലുള്ളത്. ഇക്കാലയളവിൽ വനവത്കരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ 9268 ചതുരശ്ര കിലോമീറ്റർ വനാവരണം കൂട്ടിച്ചേർക്കപ്പെട്ടു.
വനവിസ്തൃതി ഏറ്റവും കൂടുതൽ വർധിച്ചത് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്. കേരളം കഴിഞ്ഞാൽ വനാവരണത്തിൽ ഒരു പതിറ്റാണ്ടിനിടെ ഏറ്റവും കൂടുതൽ വർധനവ് 3,122 ചതുരശ്ര കിലോമീറ്റർ വർധനവോടെ കർണാടകയും 2,606 ചതുരശ്ര കിലോമീറ്റർ വർധനവോടെ തമിഴ്നാടുമാണ്.
വനാവരണത്തിൽ നേരിയ വർധനവാണു രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഒരു പതിറ്റാണ്ടിനിടെ രാജ്യത്തു ‘വളരെ ഇടതൂർന്ന വന’ വിഭാഗത്തിൽ 22.7 ശതമാനം വർധനവുണ്ട്. 2010-11ൽ 83,502 ചതുരശ്ര കിലോമീറ്ററായിരുന്നു രാജ്യത്തെ ‘വളരെ ഇടതൂർന്ന വന’ മെങ്കിൽ 2021-22ൽ ഇത് 19,000 ചതുരശ്ര കിലോമീറ്റർ വർധിച്ച് 1,02,502 ചതുരശ്ര കിലോമീറ്ററായി.
അതേസമയം ‘മിതമായി ഇടതൂർന്ന വന’ വിഭാഗത്തിൽ രാജ്യത്ത് ഇക്കാലയളവിൽ 11,071 ചതുരശ്ര കിലോമീറ്റർ കുറവും ’തുറസായ വനം’ വിഭാഗത്തിൽ 9,516 ചതുരശ്ര കിലോമീറ്റർ വർധനയുമുണ്ട്.
കേരളത്തിലാകട്ടെ ‘വളരെ ഇടതൂർന്ന വന’ വിഭാഗത്തിൽ’ 33.50 ശതമാനവും ‘തുറസായ വനം’ വിഭാഗത്തിൽ 52.98 ശതമാനവുമാണ് ഒരു പതിറ്റാണ്ടിനിടെ വർധിച്ചത്. ‘മിതമായി ഇടതൂർന്ന വന’ വിഭാഗത്തിലാകട്ടെ 0.84 ശതമാനം കുറവുമുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.