സോനം വാംഗ്ചുകിനെ മോചിപ്പിക്കണം; ഭാര്യ സുപ്രീംകോടതിയിൽ
Saturday, October 4, 2025 2:16 AM IST
ന്യൂഡൽഹി: ലഡാക്കിലെ യുവജന പ്രതിഷേധത്തെത്തുടർന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) തടവിലായ പരിസ്ഥിതിപ്രവർത്തകൻ സോനം വാംഗ്ചുകിനെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഡോ. ഗീതാഞ്ജലി ജെ ആംഗ്മോ സുപ്രീംകോടതിയെ സമീപിച്ചു. ഭർത്താവിന്റെ അറസ്റ്റ് നിയമവിരുദ്ധവും നിയമ ലംഘനവുമാണെന്നും ഗീതാഞ്ജലി ചൂണ്ടിക്കാട്ടി.
വാംഗ്ചുകിനെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ചുമത്തിയതിനെയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. അറസ്റ്റിനുശേഷം ഭർത്താവുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
ദസറ പ്രമാണിച്ച് സുപ്രീംകോടതി നിലവിൽ അവധിയിലാണ്. തിങ്കളാഴ്ച കോടതി വീണ്ടും പ്രവർത്തനമാരംഭിക്കുന്പോൾ വിഷയം പരാമർശിച്ചേക്കും. കഴിഞ്ഞ മാസം 26 നാണ് വാംഗ്ചുകിനെ കസ്റ്റഡിയിലെടുത്തത്.