സൈബർ തട്ടിപ്പ്: വലവിരിച്ച് ഇഡി
Saturday, October 4, 2025 2:16 AM IST
ന്യൂഡൽഹി: പണമിടപാട് ഉൾപ്പെട്ട സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ രാജ്യവ്യാപക നീക്കം ആരംഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). രാജ്യത്തെ 28ലധികം നഗരങ്ങളിലായുള്ള ഇഡി ഓഫീസുകൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനുള്ള നീക്കമാണ് ഇഡി ആരംഭിച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) രാജ്യത്ത് വിവിധ ഇടങ്ങളിലായി 28,000 കോടി രൂപയിലധികം മൂല്യം വരുന്ന വിവിധ സൈബർ കുറ്റകൃത്യങ്ങൾ ഇതിനോടകം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 8500 കോടി രൂപയിലധികം സ്വത്തുക്കൾ കണ്ടുകെട്ടിയതായും ഇഡി വ്യക്തമാക്കി.
പിഎംഎൽഎ പ്രകാരം സംസ്ഥാന പോലീസോ മറ്റ് ഏജൻസികളോ രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ കേസുകളിൽ അന്വേഷണം ആരംഭിക്കാൻ അതത് സോണൽ ഓഫീസുകൾക്ക് ഇഡി നിർദേശം നൽകി.
ഉയർന്ന പണമിടപാട് ഉൾപ്പെട്ട കേസുകൾ അന്വേഷിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സിനെയും ഡൽഹിയിലെ ഇഡി ആസ്ഥാനത്തുനിന്നുള്ള രണ്ട് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. ഇതുവരെ പണമിടപാട് ഉൾപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ 106 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇഡി ഡയറക്ടർ രാഹുൽ നവീനിന്റെ അധ്യക്ഷതയിൽ കഴിഞ്ഞമാസം ശ്രീനഗറിൽ നടന്ന ഏകോപനയോഗത്തിൽ പണമുൾപ്പെട്ട സൈബർ കുറ്റകൃത്യങ്ങളുടെ വ്യാപനം അവലോകനം ചെയ്തിരുന്നു.
ഇത്തരം തട്ടിപ്പുകളുടെ സൂത്രധാരന്മാർ വിദേശത്തുനിന്ന് എങ്ങനെ പ്രവർത്തിക്കുന്നതെന്ന് ഇഡി മനസിലാക്കി. കൂടാതെ, ഹവാല വഴിയോ ക്രിപ്റ്റോ ചാനലുകൾ ഉപയോഗിച്ചോ ഇത്തരത്തിൽ തട്ടിയെടുത്ത പണം എങ്ങനെ വിദേശത്തേക്കു കടത്തുന്നുവെന്നും കണ്ടെത്തി.