സാറാ മല്ലലി കാന്റർബറി ആർച്ച്ബിഷപ്
Saturday, October 4, 2025 2:16 AM IST
ലണ്ടൻ: ആംഗ്ലിക്കൻ സഭാധ്യക്ഷയായും കാന്റർബറി ആർച്ച്ബിഷപ്പായും ഇതാദ്യമായി വനിതയെ തെരഞ്ഞെടുത്തു. സാറാ മല്ലലിയാണു കാന്റർബറിയുടെ 106-ാമത് ആർച്ച്ബിഷപ്പായി നിയമിതയായത്.
500 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണു ഒരു സ്ത്രീ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തെത്തുന്നത്. കാന്റർബറി ആർച്ച്ബിഷപ്പായിരുന്ന ജസ്റ്റിൻ വെൽബി കഴിഞ്ഞവർഷം നവംബറിൽ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പുതിയ നിയമനം.
പാരമ്പര്യമനുസരിച്ച് പുതിയ സഭാധ്യക്ഷനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പ്രധാനമന്ത്രിക്ക് ഒരു പേര് നൽകുകയും തുടർന്ന് രാജാവിന് കൈമാറുകയും ചെയ്യുന്നു. രാജാവാണു നിയമനം പ്രഖ്യാപിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ തെരഞ്ഞെടുപ്പ് വീണ്ടും സ്ഥിരീകരിക്കുന്നതോടെ സാറാ മല്ലലിയുടെ സ്ഥാനാരോഹണം നടക്കും.
2000കളുടെ തുടക്കത്തിൽ ഇംഗ്ലണ്ടിലെ ചീഫ് നഴ്സിംഗ് ഓഫീസറായി (എൻഎച്ച്എസ്) ജോലി ചെയ്തിരുന്ന 63 കാരിയായ സാറാ മല്ലലി 2006ൽ പുരോഹിതയായി. 2018ൽ ലണ്ടന്റെ പ്രഥമ വനിതാ ബിഷപ്പായി.
ലോകമെമ്പാടുമായി ഏകദേശം 8.5 കോടി വിശ്വാസികളാണ് ആംഗ്ലിക്കൻ സഭയിലുള്ളത്. ആംഗ്ലിക്കൻ സഭയിൽ 1994ലാണ് വനിതാ പൗരോഹിത്യം അനുവദിച്ചുതുടങ്ങിയത്. 20 വർഷത്തിനുശേഷം 2014ൽ പ്രഥമ വനിതാ ബിഷപ്പിനെയും നിയമിച്ചു.
സാങ്കേതികമായി രാജാവാണ് ആംഗ്ലിക്കൻ സഭയുടെ തലവനെങ്കിലും കാന്റർബറി ആർച്ച്ബിഷപ്പിന്റെ ചുമതല വഹിക്കുന്ന വ്യക്തിയാണു സഭയിലെ ഏറ്റവും മുതിർന്ന ബിഷപ്പും ലോകമെമ്പാടുമുള്ള ആംഗ്ലിക്കൻ സഭയുടെ ആത്മീയനേതാവും.
എമൊൺ മല്ലലിയാണു സാറായുടെ ഭർത്താവ്. ദന്പതികൾക്ക് രണ്ടു മക്കളുണ്ട്. 35 വർഷത്തോളം എൻഎച്ച്എസിൽ നഴ്സായിരുന്ന സാറാ 1999ൽ ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഴ്സിംഗ് ഓഫീസറായി.