ഇന്ത്യ തലകുനിക്കാൻ ഇടയാകില്ല: പുടിൻ
Saturday, October 4, 2025 2:16 AM IST
മോസ്കോ: ഇന്ത്യയിൽനിന്നു കൂടുതൽ കാർഷിക, മെഡിക്കൽ ഉത്പന്നങ്ങൾ വാങ്ങുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ.
ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിന് ഇന്ത്യയിൽനിന്നു കൂടുതൽ കാർഷിക, മെഡിക്കൽ ഉത്പന്നങ്ങൾ വാങ്ങും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക നയതന്ത്ര പങ്കാളിത്തം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സോചിയിലെ വാൽദായി പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ ആദ്യം നടക്കുന്ന ഇന്ത്യാ സന്ദർശനത്തിനും സുഹൃത്ത് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കും വേണ്ടി കാത്തിരിക്കുകയാണെന്നും പുടിൻ പറഞ്ഞു. മോദി ബുദ്ധിമാനായ നേതാവാണെന്ന് പുടിൻ പുകഴ്ത്തുകയും ചെയ്തു.
റഷ്യയുടെ വ്യാപാരപങ്കാളിക്കുമേൽ ഉയർന്ന തീരുവകളും ഉപരോധങ്ങളും ഏർപ്പെടുത്തുമെന്ന യുഎസ് ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇന്ത്യയെ ആരാലും അപമാനിക്കാൻ സമ്മതിക്കില്ലെന്ന് പുടിൻ മറുപടി നൽകി.
അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന തീരുവ മൂലം ഇന്ത്യക്കുണ്ടാകുന്ന നഷ്ടം റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ സന്തുലിതമാക്കപ്പെടും. കൂടാതെ, പരമാധികാര രാഷ്ട്രമെന്ന നിലയിലുള്ള അന്തസ് ഉയരുമെന്നും പുടിൻ പറഞ്ഞു.