വെടി നിർത്താൻ ഞായറാഴ്ച വരെ സമയം: ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
Saturday, October 4, 2025 12:30 AM IST
വാഷിംഗ്ടൺ ഡിസി: ഗാസ സമാധാന പദ്ധതി അംഗീകരിക്കാൻ ഹമാസിന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വാഷിംഗ്ടൺ സമയം ഞായറാഴ്ച വൈകുന്നേരം ആറിനുള്ളിൽ (ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 3.30) അംഗീകരിച്ചില്ലെങ്കിൽ ഹമാസ് നരകം നേരിടേണ്ടിവരുമെന്ന് ട്രംപ് ഇന്നലെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഗാസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കാനും ഹമാസിന്റെ കസ്റ്റഡിയിൽ ജീവനോടെയുള്ള ഇരുപതോളം ഇസ്രേലി ബന്ദികളെ തുടർന്നുള്ള 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്ന പദ്ധതിയാണ് ട്രംപ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സാന്നിധ്യത്തിൽ നേരത്തേ പ്രഖ്യാപിച്ചത്. പദ്ധതി അംഗീകരിക്കുന്നതായി നെതന്യാഹു അറിയിച്ചിരുന്നു.
അതേസമയം, ഹമാസ് വ്യക്തമായ മറുപടി നൽകാൻ തയാറായിട്ടില്ല. ഹമാസിന്റെ ഖത്തറിലുള്ള നേതാക്കളിൽ ചിലർ പദ്ധതി അംഗീകരിക്കാൻ തയാറാണ്. എന്നാൽ ഹമാസിന്റെ ഗാസയിലെ സൈനിക നേതൃത്വം പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിക്കുന്നതായാണ് റിപ്പോർട്ട്. പദ്ധതി അംഗീകരിക്കാനായി അറബ്, തുർക്കി നേതാക്കൾ ഹമാസിനുമേൽ ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്.
“ഇത് അവസാന അവസരമാണ്” എന്നാണ് ട്രംപ് ഇന്നലെ മുന്നറിയിപ്പു നൽകിയത്. ആരും കാണാത്തവിധമുള്ള നരകമായിരിക്കും ഹമാസിനു മേൽ പതിക്കുകയെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ അറിയിച്ചു.