മാഞ്ചസ്റ്റർ ഭീകരാക്രമണം: ഒരു മരണം പോലീസ് വെടിയേറ്റ്
Saturday, October 4, 2025 12:30 AM IST
ലണ്ടൻ: മാഞ്ചസ്റ്റർ സിനഗോഗ് (യഹൂദ പ്രാർഥനാലയം) ഭീകരാക്രമണത്തിൽ ഒരാളുടെ മരണം പോലീസിന്റെ വെടിയേറ്റായിരിക്കാമെന്നു ബ്രിട്ടീഷ് വൃത്തങ്ങൾ. ഫോറൻസിക് പരിശോധന ഇക്കാര്യത്തിലേക്കു വിരൽ ചൂണ്ടുന്നതായി പോലീസ് അറിയിച്ചു.
മാഞ്ചസ്റ്റർ നഗരപ്രാന്തത്തിലെ ഹീറ്റൺ പാർക്ക് കോൺഗ്രിഗേഷൻ സിനഗോഗിൽ വ്യാഴാഴ്ച ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു പേരുടെ നില ഗുരുതരമാണ്.
അക്രമി സിനഗോഗിനു പുറത്തുണ്ടായിരുന്നവർക്കു നേർക്ക് കാറോടിച്ചു കയറ്റിയശേഷം കത്തിയാക്രമണം നടത്തുകയായിരുന്നു. അക്രമിയുടെ പക്കൽനിന്നു തോക്ക് കണ്ടെത്താനായില്ലെന്നു പോലീസ് പറഞ്ഞു. പരിക്കേറ്റ ഒരാൾക്കും വെടിയേറ്റതായി കണ്ടെത്തി.
ആക്രമണം നടത്തിയ സിറിയൻ വംശജനായ ബ്രിട്ടീഷ് പൗരൻ ജിഹാദ് അൽ-ഷാമിയെ (35) പോലീസ് വെടിവച്ചു കൊന്നിരുന്നു. ചെറുപ്പത്തിൽ ബ്രിട്ടനിലെത്തിയ ഇയാൾക്ക് 2006ലാണ് പൗരത്വം ലഭിച്ചത്.
ഭീകരാക്രമണം എന്ന നിലയിലാണു കേസ് അന്വേഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.
വ്യാഴാഴ്ച തന്നെ ഭീകരാക്രമണത്തിനു തയാറെടുക്കുന്നു എന്ന സംശയത്തിൽ മുപ്പതിനു മുകളിൽ പ്രായമുള്ള രണ്ടു പുരുഷന്മാരെയും അറുപതിനു മുകളിൽ പ്രായമുള്ള ഒരു വനിതയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.