ജർമനിയിലും അജ്ഞാത ഡ്രോണുകൾ: മ്യൂണിക് വിമാനത്താവളം അടച്ചു
Saturday, October 4, 2025 12:30 AM IST
ബെർലിൻ: അജ്ഞാത ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ജർമനിയിലെ മ്യൂണിക് വിമാനത്താവളത്തിന്റെ താളംതെറ്റി.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. 17 വിമാനങ്ങൾ യാത്ര പുറപ്പെടാൻ വൈകി. മ്യൂണിക്കിലേക്കു വന്ന 15 വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടിയും വന്നു. ആയിക്കണക്കിനു യാത്രക്കാരാണു ബുദ്ധിമുട്ട് നേരിട്ടത്.
ഡ്രോണുകൾ എവിടെനിന്നു വന്നു, ആര് പറത്തി എന്ന കാര്യങ്ങളിൽ വ്യക്തതയില്ല. മണിക്കൂറുകൾക്കുശേഷം മ്യൂണിക് വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചതായി അറിയിപ്പുണ്ടായി.
ജർമനിയുടെ അയൽരാജ്യമായ ബെൽജിയത്തിലും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു.
ജർമൻ അതിർത്തിയോടു ചേർന്ന് 15 ഡ്രോണുകളാണു കണ്ടത്. ഇവ ജർമൻ പ്രദേശത്തേക്കു നീങ്ങിയെന്നാണ് റിപ്പോർട്ട്. ഈ ഡ്രോണുകളുടെ ഉറവിടം സംബന്ധിച്ചും വ്യക്തതയില്ല.
സമീപകാലത്ത് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ സമാന സംഭവമുണ്ടായിരുന്നു. ഡെന്മാർക്കിലും നോർവേയിലും ഡ്രോണുകൾ കണ്ടെത്തിയതിനെത്തുടർന്ന് വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നു.
സംഭവത്തിൽ റഷ്യൻ പങ്കിനു തെളിവില്ലെന്ന് ഡെന്മാർക്ക് പറഞ്ഞു. ഈ സംഭവങ്ങൾക്കു മുന്പായി പോളണ്ടിന്റെ ആകാശത്തു പ്രവേശിച്ച റഷ്യൻ ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയിരുന്നു. എസ്തോണിയയിൽ റഷ്യൻ യുദ്ധവിമാനവും അതിക്രമിച്ചു കയറുകയുണ്ടായി.