ശബരിമല സ്വർണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ അന്വേഷണം
Saturday, October 4, 2025 2:16 AM IST
തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്പോണ്‍സറായ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ അന്വേഷണം തുടങ്ങി. അദ്ദേഹത്തിന്റെ ഇടപാടുകളെ സംബന്ധിച്ചാണു രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയത്.
വിവിധ സ്ഥലങ്ങളിൽ വസ്തുക്കളും പലിശയ്ക്കു പണം നൽകുന്നതടക്കമുള്ള ഇടപാടുകളും ഉണ്ണികൃഷ്ണൻ പോറ്റിക്കുണ്ടെന്ന വിവരത്തെ തുടർന്നാണു രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരിക്കുന്നത്.
ബന്ധുക്കളുടെ പേരിൽ തിരുവനന്തപുരം ജില്ലയിൽതന്നെ കോടിക്കണക്കിനു രൂപ വിലവരുന്ന വസ്തുവകകൾ ഉണ്ണികൃഷ്ണൻ പോറ്റിക്കുണ്ടെന്നതിനുള്ള തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണു വിശദമായ അന്വേഷണം നടക്കുന്നത്.
ശബരിമലയിലെ സ്വർണപാളി വിഷയം ഇപ്പോൾ രാഷ്ട്രീയ വിവാദം കൂടിയായ സാഹചര്യത്തിൽ ഏതന്വേഷണവും നടത്താൻ സർക്കാരും തയാറാണ്. കോടതി നിർദേശിക്കുന്നതനുസരിച്ചു മുന്നോട്ടുപോകാമെന്ന നിലപാടിലാണു സിപിഎമ്മും സർക്കാരും.