സെൻസസ് പ്രക്രിയ പൂർണമായും ഡിജിറ്റലാകും
Saturday, October 4, 2025 1:35 AM IST
സിജോ പൈനാടത്ത്
കൊച്ചി: നിർമിത ബുദ്ധിയും ജിപിഎസ് മാപ്പിംഗും മൊബൈൽ ആപ്ലിക്കേഷനുമെല്ലാം ചേർന്ന് രാജ്യത്തെ അടുത്ത സെൻസസ് പ്രക്രിയ പൂർണമായും ഡിജിറ്റലാകും. വിവര ശേഖരണം മുതൽ സെൻസസ് ഡാറ്റകൾ പ്രസിദ്ധീകരിക്കുന്നതു വരെയുള്ള ഘട്ടങ്ങളിലാകെ ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിക്കും.
2026 ഫെബ്രുവരിയോടെ സെൻസസ് പ്രക്രിയയുടെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് നിലവിലെ വിവരം. പ്രത്യേകമായി തയാറാക്കിയ മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാകും ഡാറ്റകൾ ശേഖരിക്കുക. പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ അധികൃതർക്കു കൈമാറാനുള്ള അവസരമുണ്ടാകും. മതം, ജാതി, കുടുംബം, സാന്പത്തികസ്ഥിതി തുടങ്ങിയ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി നൽകാനും വ്യക്തത വരുത്താനും സൗകര്യമൊരുക്കും.
വീടുകളിലെത്തിയുള്ള സെൻസസ് വിവരശേഖരണത്തിന്റെ വിവരങ്ങൾ മേലുദ്യോഗസ്ഥർക്ക് ഓഫീസുകളിലിരുന്നു തത്സമയം നിരീക്ഷിക്കാൻ സെന്‍സസ് മോണിറ്ററിംഗ് സിസ്റ്റം ക്രമീകരിക്കുന്നുണ്ട്. രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണര്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ) ആണ് സെൻസസ് നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നത്. രാജ്യത്താകെ 27 ലക്ഷം മുതൽ 35 ലക്ഷം വരെ ദശലക്ഷം എന്യൂമറേറ്റർമാരുടെ സേവനം സെൻസസ് പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തും.
രണ്ടു ഘട്ടങ്ങളിലായാണു സെൻസസ് നടക്കുക. വീടുകളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പ് 2026 ഏപ്രിൽ- സെപ്റ്റംബർ മാസങ്ങളിൽ നടക്കും. ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ ആരംഭിക്കും.
കാലാവസ്ഥാസാഹചര്യം കണക്കിലെടുത്ത് ജമ്മു കാഷ്മീര്‍, ലഡാക്ക്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ജനസംഖ്യാ കണക്കെടുപ്പ് 2026 അവസാന മാസങ്ങളിൽ ആരംഭിക്കും. വീടുകളുടെ വിവരശേഖരണത്തിൽ സാധനസാമഗ്രികള്‍, സജ്ജീകരണങ്ങൾ, സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
കെട്ടിടങ്ങൾ ജിയോ ടാഗിംഗ് നടത്തിയായിരിക്കും സെൻസസ് രേഖകളിൽ രേഖപ്പെടുത്തുക. നിലവിൽ ജിയോ ടാംഗിംഗ് നടത്താത്ത 33 കോടിയോളം വീടുകളുടെയും വിവരങ്ങൾ ഇത്തരത്തിൽ ഡിജിറ്റലാകും.
സെൻസസ് സമഗ്രവും സുതാര്യവുമാക്കുന്നതിനുള്ള ശ്രമങ്ങളിൽ ഡിജിറ്റൽ സൗകര്യങ്ങൾ നേട്ടമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 2027 ഡിസംബറോടെ സെൻസസിന്റെ അന്തിമവിവരങ്ങൾ പ്രസിദ്ധീകരിക്കാനാണു കേന്ദ്രം ലക്ഷ്യമിടുന്നത്.
അവസാന സെൻസസ് 2011ൽ
രാജ്യത്ത് അവസാനമായി സെന്‍സസ് നടന്നതു 2011ലാണ്. 330.84 ദശലക്ഷം വീടുകളാണ് രാജ്യത്തുള്ളതെന്നാണ് അന്നത്തെ സെൻസസ് വിവരം. ഇതിൽ 220.70 ദശലക്ഷം ഗ്രാമീണ മേഖലയിലും 110.14 ദശലക്ഷം നഗരപ്രദേശങ്ങളിലുമാണുള്ളത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് 2021ൽ സെൻസസ് നടക്കാതെപോയത്.