മലബാര്‍ ഗോള്ഡിന് എതിരേയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പിന്‍വലിക്കണം: ബോംബെ ഹൈക്കോടതി
Friday, October 3, 2025 6:09 AM IST
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ യുകെയിലെ പുതിയ ഷോറൂം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.
ലണ്ടനില്‍ ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതിനായി ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറെ നിയോഗിച്ചതിന്റെ പേരിലാണ് ചിലര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജപ്രചാരണം നടത്തിയതെന്ന് മലബാര്‍ ഗോള്‍ഡ് അധികൃതര്‍ അറിയിച്ചു. ഇതിനെതിരേ നല്കിയ ഹര്‍ജിയിലാണ് പ്രചാരണം നടത്തിയവര്‍ക്കെതിരേ ശക്തമായ ഭാഷയില്‍ കോടതി ഇടക്കാല വിധി പറഞ്ഞത്.
യുകെയിലെ ബര്‍മിംഗ്ഹാമില്‍ പുതിയ ഷോറൂമിന്റെ ഉദ്ഘാടനവേളയില്‍ ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതിന് പ്രാദേശിക സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരെ നിയോഗിക്കുന്നതിനായി ഒരു കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നു. ഇവര്‍ തെരഞ്ഞെടുത്ത ഒരു ഇന്‍ഫ്ളുവന്‍സറുമായി ബന്ധപ്പെട്ടാണ് വ്യാജപ്രചാരണം നടന്നത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ വാദം പൂര്‍ണമായി അംഗീകരിച്ചുകൊണ്ടാണ് ജഡ്ജി സന്ദീപ് മാര്‍ണെ ഇടക്കാല വിധി പറഞ്ഞത്.