സംസ്ഥാനത്ത് 1,100 കോടിയുടെ ജിഎസ്ടി തട്ടിപ്പ്: വി.ഡി. സതീശൻ
Friday, October 3, 2025 6:28 AM IST
തിരുവനന്തപുരം: സാധാരണക്കാരുടെ പേരിൽ അവരറിയാതെ ജിഎസ്ടി രജിസ്ട്രേഷൻ എടുത്ത് കഴിഞ്ഞ സാന്പത്തികവർഷം ഒരു തട്ടിപ്പുസംഘം 1,100 കോടി രൂപയുടെ ഇടപാടുകൾ നടത്തിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിലൂടെ മാത്രം സംസ്ഥാന സർക്കാരിന് 200 കോടി രൂപയുടെ നികുതിനഷ്ടമുണ്ടായി. ഈ തട്ടിപ്പിനേക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
നിലവിൽ ആരുടെ പേരിലും ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാം. മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടും നൽകാം. ഇത്തരത്തിൽ സാധാരണക്കാരുടെ പേരിൽ അവരറിയാതെ രജിസ്ട്രേഷൻ എടുത്ത് ഈ സംഘത്തിന്റെ ബാങ്ക് അക്കൗണ്ട് നൽകിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. എന്നാൽ ജിഎസ്ടി, ഇൻകംടാക്സ് ബാധ്യതകൾ സാധാരണക്കാർക്കു മുകളിൽ വരും.
തട്ടിപ്പു സംഘത്തെക്കുറിച്ചുള്ള വിവരം പൂനയിലെ ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തി സംസ്ഥാന സർക്കാരിനെ അറിയിച്ചതാണ്. സംസ്ഥാന സർക്കാർ വ്യാജ രജിസ്ട്രേഷനുകളെല്ലാം റദ്ദാക്കിയതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചില്ല. 2025 ഫെബ്രുവരിയിലാണ് പൂനയിലെ ഇന്റലിജൻസ് സംസ്ഥാന സർക്കാരിനെ തട്ടിപ്പ് അറിയിച്ചത്.
തട്ടിപ്പിനു പിന്നിൽ ഏതുസംഘമാണ് പ്രവർത്തിച്ചതെന്ന് ജിഎസ്ടി ഇതുവരെ അന്വേഷിച്ചിട്ടില്ല. അന്വേഷണം നടത്താൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുമില്ല. ഇരകളായ മനുഷ്യരെ ഇക്കാര്യം സംസ്ഥാന സർക്കാർ അറിയിച്ചിട്ടുമില്ല. നഷ്ടപ്പെട്ട 200 കോടി രൂപ സംസ്ഥാന സർക്കാർ ഉപേക്ഷിച്ച മട്ടാണ്. ഇതു കൂടാതെ ആയിരത്തിലധികം തെറ്റായ രജിസ്ട്രേഷനുകൾ വേറെയുമുണ്ട്.
എറണാകുളത്ത് കരാർ തൊഴിലാളിയായ ഒരാൾ മകൾ വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട് ഇൻകം ടാക്സ് റിട്ടേണ് നൽകാൻ ചെന്നപ്പോൾ അയാളുടെ പേരിൽ 43 കോടിയുടെ ഇടപാടുകളാണ് നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ തട്ടിപ്പിനിരയായ ഒരാൾ നൽകിയ പരാതിയിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മറ്റൊരാൾ കോട്ടയം എസ്പിക്കും പരാതി നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ജിഎസ്ടി ജോയിന്റ് കമ്മീഷണറെയും ഇൻകം ടാക്സിനെയും ചിലർ സമീപിച്ചിട്ടും ഒരു നടപടിയുമെടുത്തിട്ടില്ല. കോടതിയിൽ പോകണമെന്നാണ് ജിഎസ്ടി ഉദ്യോഗസ്ഥർ തട്ടിപ്പിന് ഇരകളായവരോടു പറയുന്നത്. വലിയൊരു തട്ടിപ്പിന്റെ അറ്റം മാത്രമാണ് പൂന ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തിയതെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി എല്ലാം അറിഞ്ഞിരുന്നു...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ രജിസ്ട്രേഷൻ ഉപയോഗിച്ചു കോടികളുടെ ചരക്കു സേവന നികുതി തട്ടിപ്പു നടത്തിയിരുന്ന കാര്യം മുഖ്യമന്ത്രിക്ക് നേരത്തേ അറിയാമായിരുന്നുവെന്നു രേഖകൾ. ആളുകളുടെ അറിവോ സമ്മതമോ ഇല്ലാതെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾ എടുക്കുകയും ഇതുപയോഗിച്ച് കോടികളുടെ തട്ടിപ്പു നടത്തിയതു സംബന്ധിച്ച് ഏഴു പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തരത്തിൽ മറുപടി നൽകിയിരുന്നു.

വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതായി റോജി എം. ജോണിന്റെ ചോദ്യങ്ങൾക്കു മുഖ്യമന്ത്രിയുടെ മറുപടിയിൽ പറയുന്നു. സംസ്ഥാനത്തിന് വൻതോതിൽ നികുതിനഷ്ടമുണ്ടായിട്ടും വ്യാപക കള്ളപ്പണ ഇടപാടുകൾ ഇതിന്റെ മറവിൽ നടന്നിട്ടും പോലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതിന്റെ കാരണമെന്തെന്ന ചോദ്യത്തിന്, ആവശ്യമായ സന്ദർഭങ്ങളിൽ ക്രൈംബ്രാഞ്ചിലും ജില്ലാ ക്രൈംബ്രാഞ്ചിലും പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയുള്ള അന്വേഷണം പോലീസ് മേധാവി ഏർപ്പെടുത്തിവരുന്നുവെന്നായിരുന്നു മറുപടി.
സംസ്ഥാനത്തെ പാവപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗപ്പെടുത്തിയുള്ള കോടികളുടെ കള്ളപ്പണ ഇടപാടുകൾ നടന്ന സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതപ്പെടുത്തുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.
അവർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുന്നതിൽ പോലീസ് രാജ്യത്ത് മുൻപന്തിയിലാണെന്നായിരുന്നു മറുപടി. കോടികളുടെ കള്ളപ്പണ ഇടപാട് ശ്രദ്ധയിൽ പെട്ടാൽ അതീവ ഗൗരവതരമായ അന്വേഷണം നടത്തണമെന്നും കേന്ദ്ര അന്വേഷണ ഏജൻസികളെ ഇക്കാര്യം അറിയിക്കണമെന്ന സാമാന്യ വ്യവസ്ഥയും ഇവിടെ ലംഘക്കപ്പെട്ടതായി പരാതി ഉയരുന്നു.