നവകേരളത്തിലേക്കുള്ള മുന്നേറ്റങ്ങളില്‍ പട്ടികവിഭാഗക്കാരായ ആരും പിന്തള്ളപ്പെടരുത്: മുഖ്യമന്ത്രി
Friday, October 3, 2025 6:28 AM IST
കാഞ്ഞങ്ങാട്: വിജ്ഞാനാധിഷ്ഠിത നവകേരളത്തിലേക്കുള്ള നമ്മുടെ മുന്നേറ്റങ്ങളില്‍ പട്ടികവിഭാഗക്കാരായ ആരും പിന്തള്ളപ്പെടരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ചും സാങ്കേതിക- മെഡിക്കല്‍ മേഖലകളില്‍ നമ്മുടെ കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങളും സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തില്‍ 25.6 ശതമാനം വരുന്ന പട്ടികവര്‍ഗക്കാര്‍ക്കായി ബജറ്റിന്റെ 6.3 ശതമാനം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിവയ്ക്കുന്നത്.
കേരള ജനസംഖ്യയുടെ 9.1 ശതമാനം പട്ടികജാതിക്കാരും 1.45 ശതമാനം പട്ടികവര്‍ഗക്കാരുമാണ്. ഇവരുടെ ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക പദ്ധതി അടങ്കലില്‍ യഥാക്രമം 9.81 വും 2.89 ശതമാനവുമടക്കം 12.7 ശതമാനം തുകയാണ് ബജറ്റില്‍ നീക്കിവയ്ക്കുന്നത്. ഈ കണക്കുകളിലുണ്ട് രണ്ടു സര്‍ക്കാരുകളുടെ സമീപനത്തിലെ വ്യത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്ടികജാതി പട്ടിക വര്‍ഗ വികസന പിന്നാക്ക ക്ഷേമമന്ത്രി ഒ.ആര്. കേളു അധ്യക്ഷത വഹിച്ചു.വനംമന്ത്രി എ.കെ. ശശീന്ദ്രന് മുഖ്യാതിഥിയായി. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് സെക്രട്ടറി ഡോ.എ. കൗശികന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ എം. രാജഗോപാലന്‍, സി.എച്ച്. കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഡി. ധര്‍മലശ്രീ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് ഉപഡയറക്ടര്‍ പ്രതിന്, വാര്‍ഡ് കൗണ്‍സിലര്‍ എന്‍. അശോക് കുമാര്‍, സംസ്ഥാന പട്ടികവര്‍ഗ ഉപദേശകസമിതിഅംഗങ്ങളായ എം.കുമാരന്, എം.സി. മാധവന് എന്നിവര്‍ പ്രസംഗിച്ചു. ഇ. ചന്ദ്രശേഖരന് എംഎല്‍എ സ്വാഗതവും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നന്ദിയും പറഞ്ഞു.