മാധ്യമങ്ങള്‍ക്ക് സമാധാനം സൃഷ്ടിക്കാനും നശിപ്പിക്കാനും കഴിയും: പലസ്തീന് അംബാസഡര്‍
Friday, October 3, 2025 6:09 AM IST
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് സമാധാനം സൃഷ്ടിക്കാനും നശിപ്പിക്കാനും കഴിയുമെന്നും മനുഷ്യര്‍ എന്ന തരത്തിലുള്ള പലസ്തീന് ജനതയുടെ ഭാവി മാധ്യമങ്ങളുടെ കൈയിലാണെന്നും ഇന്ത്യയിലെ പലസ്തീന് അംബാസഡര്‍ അബ്ദുള്ള അബു ഷ്വേഷ്. ടാഗോര്‍ തിയറ്ററില്‍ കേരള മീഡിയ അക്കാദമിയുടെ ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവെല്‍ ഓഫ് കേരളയിലെ മുഖാമുഖത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേല്‍ അധിനിവേശത്തിനെതിരായ പ്രതിരോധം പലസ്തീന് ജനതയില്‍ മാത്രം ഒതുങ്ങുന്നില്ല. മാധ്യമവാര്‍ത്തകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും അധിനിവേശത്തിനെതിരേ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീനില്‍ നടക്കുന്നത് യുദ്ധമല്ല, വംശഹത്യയാണെന്ന് ഐക്യരാഷ്ട്ര സംഘടനതന്നെ പറഞ്ഞിട്ടുള്ളതാണ്. ദിവസേന നൂറിലധികം പേരാണ് ഗാസയില്‍ കൊല്ലപ്പെടുന്നത്. പട്ടിണിയും വിശപ്പും വ്യാപകമാണ്. വളര്‍ന്നുവരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീന്റെ പ്രതിരോധം യഹൂദര്ക്കെതിരല്ല. ഞങ്ങള്‍ക്ക് യഹൂദരോട് വിരോധമില്ല. പലസ്തീന്റെ പ്രതിരോധം അധിനിവേശത്തിനെതിരാണ്. ഹമാസ് ഇല്ലാതായാലും ഈ പ്രതിരോധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 1930കള്‍ മുതല്‍ ഇന്ത്യ പലസ്തീനൊപ്പമാണ്. 1947ലെ വിഭജന പദ്ധതി ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ എതിര്‍ത്തു. പലസ്തീന് അഭയാര്‍ഥികള്‍ക്കുവേണ്ടി ഐക്യരാഷ്ട്രസഭ വഴി പ്രതിവര്‍ഷം അഞ്ച് മില്യണ്‍ ഡോളര്‍ ഇന്ത്യ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.