സ്വർണപ്പാളി കൊടുത്തുവിടാൻ പാടില്ലായിരുന്നു: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
Friday, October 3, 2025 6:09 AM IST
പറവൂർ: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം ശബരിമലയിലെ സ്വർണപ്പാളി കൊടുത്തുവിടാൻ പാടില്ലായിരുന്നെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകളുടെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
അയ്യപ്പസംഗമത്തെ എതിർത്തവരാണ് വിവാദത്തിനു പിന്നിൽ. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ശ്രമമെന്നും പ്രശാന്ത് പറഞ്ഞു. എന്നാൽ, ആരോപണം ഉന്നയിച്ചയാൾ തന്നെ പ്രതിയാകുന്ന സ്ഥിതിയാണുള്ളത്. ശബരിമല എന്ന പവിത്രമായ ആരാധനാലയത്തെ സംശയത്തിന്റെ നിഴലിൽ നിർത്തി മുന്നോട്ടു പോകാൻ സാധിക്കില്ല. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കാര്യത്തിൽ മാത്രമല്ല, കഴിഞ്ഞ 26 വർഷങ്ങളിലെ കാര്യങ്ങളിലെല്ലാം സമഗ്രമായ അന്വേഷണം നടത്തണമെന്നു കോടതിയോട് ആവശ്യപ്പെടും.
ക്ഷേത്രമുതൽ അറ്റകുറ്റപ്പണി നടത്താൻ ക്ഷേത്രത്തിനു പുറത്ത് കൊണ്ടുപോകുന്നതിൽ തെറ്റില്ല. ശബരിമലയിലെ അവസാനവാക്ക് തന്ത്രിയുടേതാണ്. സ്വർണം ആവരണം ചെയ്യാൻ മെർക്കുറി ഉപയോഗിക്കുന്നതിൽ അന്താരാഷ്ട്ര നിയന്ത്രണമുണ്ട്. ഇതനുസരിച്ച് കേന്ദ്രസർക്കാർ 2017ൽ നിയമം പാസാക്കിയിട്ടുണ്ട്. താൻ പ്രസിഡന്റായശേഷം അഞ്ചുതവണ കൊടിമരം പ്ലേറ്റിംഗിനായി ചെന്നൈയിൽ കൊണ്ടുപോയിട്ടുണ്ട്. ശബരിമലയിൽ 15 വർഷം മുന്‍പുണ്ടായിരുന്ന അന്തരീക്ഷമല്ല ഇന്ന്. ഗുണപരമായ വലിയ മാറ്റം ശബരിമലയിൽ ഉണ്ടായെന്നും പ്രശാന്ത് പറഞ്ഞു.