വിശ്വാസകാര്യത്തില്‍ മാത്രം സര്‍ക്കാരിനോട് ശരിദൂരം: ജി. സുകുമാരന്‍ നായര്‍
Friday, October 3, 2025 6:09 AM IST
ചങ്ങനാശേരി: വിശ്വാസകാര്യത്തില്‍ മാത്രമേ സര്‍ക്കാരിനോട് എന്‍എസ്എസ് ശരിദൂരംപാലിച്ചിട്ടുള്ളുവെന്നും രാഷ്ട്രീയപാര്‍ട്ടികളോട് സമദൂരനയംതന്നെയാണെന്നും എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
എന്‍എസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിലുള്ള വിജയദശമി നായര്‍ മഹാസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമദൂരത്തില്‍ കഴിയുന്ന നായര്‍ സമുദായത്തെ കമ്യൂണിസ്റ്റ്, ബിജെപി, കോണ്‍ഗ്രസ് പക്ഷത്ത് എത്തിക്കാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ പിന്നില്‍ ചില രാഷ്ട്രീയക്കാരും ചാനലുകളുമുണ്ടെന്നു സംശയിക്കുന്നു. എന്‍എസ്എസ് നേതൃത്വത്തെ വ്യക്തിഹത്യ നടത്തി സമുദായത്തെയും സംഘടനയെയും അധിക്ഷേപിക്കുന്ന നിലപാട് തുടരുകയാണ്. വലിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടാണ് എന്‍എസ്എസ് 112 വര്‍ഷം പിന്നിട്ടത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് എന്‍എസ്എസ് ഒന്നും ചോദിച്ചിട്ടില്ല. എന്‍എസ്എസിന്റെ പ്രവര്‍ത്തനത്തിന് ഇവരുടെ അംഗീകാരവും വേണ്ട. നായര്‍ സമുദായത്തെ തെരഞ്ഞുപിടിച്ച് വംശനാശം വരുത്താന്‍ ശ്രമിക്കുന്ന ചാനലുകളെ നേരില്‍ കാണേണ്ടിവരുമെന്നും കള്ളത്തരത്തിനു കൂട്ടുനിന്ന് അധിക്ഷേപിക്കുന്ന ചാനലുകളുടെ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.