1157 സ്കൂൾ കെട്ടിടങ്ങൾ സുരക്ഷിതമല്ല ; 99 സ്കൂളുകൾ വാടകക്കെട്ടിടങ്ങളിൽ
ബിജു കുര്യൻ
Friday, October 3, 2025 6:28 AM IST
പത്തനംതിട്ട: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് മേഖലയിൽ 1157 സ്കൂൾ കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്നു കണ്ടെത്തൽ. സുരക്ഷിതമായ കെട്ടിടം ഇല്ലാത്തതിന്റെ പേരിൽ 99 സർക്കാർ സ്കൂളുകൾ പ്രവർത്തിക്കുന്നത് വാടകക്കെട്ടിടങ്ങളിൽ.
കൊല്ലം തേവലക്കര സർക്കാർ സ്കൂൾ കെട്ടിടത്തോടു ചേർന്നുള്ള വൈദ്യുത ലൈനിൽ തട്ടി വിദ്യാർഥി മരിച്ച സംഭവത്തിനുശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ നടന്ന സുരക്ഷാ പരിശോധനയിലാണ് ഇത്രയധികം സ്കൂൾ കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഇവയിലധികം കെട്ടിടങ്ങൾക്കും കഴിഞ്ഞ ജൂൺ ഒന്നിന് പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നതാണ്. എന്നാൽ തേവലക്കര അപകടത്തിനു പിന്നാലെ എല്ലാ പൊതുവിദ്യാലയങ്ങളിലും തദ്ദേശ സ്ഥാപന എൻജിനിയർമാരും പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനകൾ നടത്തുകയും നിരവധി കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിർദേശം നൽകുകയുമാണുണ്ടായത്.
കഴിഞ്ഞദിവസം നിയമസഭയിൽ സി.ആർ. മഹേഷ് എംഎൽഎയുടെ ചോദ്യത്തിന് സുരക്ഷിതമല്ലെന്നു കണ്ടെത്തിയ സ്കൂൾ കെട്ടിടങ്ങളുടെ വിശദാംശങ്ങൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിക്കുകയും ചെയ്തു.
സുരക്ഷിതമല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ ഏറ്റവുമധികം ഉള്ളത് കൊല്ലം ജില്ലയിലാണ്. കൊല്ലത്തെ 143 കെട്ടിടങ്ങൾക്ക് സുരക്ഷ സർട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. ഇവയിലേറെയും സർക്കാർ സ്കൂളുകളാണ്. ആലപ്പുഴ ജില്ലയിൽ- 134, എറണാകുളം- 106 , ഇടുക്കി- 73, കണ്ണൂർ- 67 കാസർഗോഡ് - 77 , കോട്ടയം- 63, കോഴിക്കോട്- 47 , മലപ്പുറം- 78, പാലക്കാട് - 34, പത്തനംതിട്ട- 89 , ത്യശൂർ -102, തിരുവനന്തപുരം -120, വയനാട് -24 എന്നിങ്ങനെയാണ് സുരക്ഷിതമല്ലാത്ത സ്കൂൾ കെട്ടിടങ്ങളുടെ കണക്ക്.
എന്നാൽ ഈ കെട്ടിടങ്ങളിലധികവും നേരത്തേ തന്നെ ക്ലാസ് നടത്താതെ ഒഴിച്ചിട്ടിരിക്കുന്നവയാണെന്ന് സ്കൂൾ അധികൃതർ പറയുന്നു. സുരക്ഷിതമല്ലെങ്കിൽ കൂടി കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിട്ടുണ്ടായിരുന്നില്ല. എന്നാൽ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയിൽ ചെറിയ വിഷയങ്ങൾക്കു പോലും സുരക്ഷാ സർട്ടിഫിക്കറ്റ് നിഷേധിച്ചതോടെ നല്ല നിലയിലുള്ള കെട്ടിടങ്ങളിലും ക്ലാസ് മുറികൾ നടത്താൻ അനുമതി നൽകിയില്ല. ഇതോടെ പലയിടങ്ങളിലും സുഗമമായ പഠന സൗകര്യങ്ങളുടെ പ്രശ്നങ്ങളുമുണ്ട്.
പുതിയ കെട്ടിടം നിർമിക്കുന്നതുമായോ പഴയ കെട്ടിടം പൊളിച്ചു നീക്കുകയോ സുരക്ഷിതമല്ലെന്നു കണ്ട് പ്രവർത്തനാനുമതി നിഷേധിക്കുകയോ ചെയ്തതുമായി ബന്ധപ്പെട്ട് സ്ഥലസൗകര്യം പരിമിതപ്പെട്ട സ്കൂളുകളിൽ ക്ലാസ് മുറികൾ പുനഃക്രമീകരിച്ചാണ് അധ്യയനം തുടരുന്നത്.
ഇതിനിടെ സംസ്ഥാനത്തെ 99 സർക്കാർ സ്കൂളുകൾ വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും നിയമസഭയിൽ വ്യക്തമാക്കപ്പെട്ടു. ഇതിൽ ഏറ്റവുമധികം സ്കൂളുകൾ മലപ്പുറം ജില്ലയിലാണ്. 33 സ്കൂളുകളാണ് മലപ്പുറത്ത് ഈ നിലയിൽ പ്രവർത്തിക്കുന്നത്. മറ്റു ജില്ലകളിലെ കണക്കുകൾ. കൊല്ലം - 1, പത്തനംതിട്ട - 3, ആലപ്പുഴ - 3, എറണാകുളം - 5, തൃശൂർ - 7, പാലക്കാട് - 6, കോഴിക്കോട്- 11, വയനാട് - 3, കണ്ണൂർ - 21, കാസർഗോഡ് - 6. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതിൽ ഏറെയും പ്രൈമറി സ്കൂളുകളാണ്.