ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നു ഹിന്ദു ഐക്യവേദി
Friday, October 3, 2025 6:09 AM IST
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വത്തുവകകൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ. വി. ബാബു. ശബരിമലയുമായി ബന്ധപ്പെട്ടു നടന്ന എല്ലാം അഴിമതിക്കും ക്രമക്കേടിനും ദേവസ്വം ബോർഡ് ഉത്തരവാദിയാണ്.
വെറും ഒരു വ്യക്തിയെ മാത്രം പഴിചാരി രക്ഷപ്പെടാൻ ബോർഡിനാകില്ല. ഉദ്യോഗസ്ഥ വീഴ്ചയെന്നു ബോർഡ് പ്രസിഡന്റ് പറയുന്നതു ചിലരെ രക്ഷപ്പെടുത്താനാണ്. ദേവസ്വം ബോർഡിന്റെയും പ്രസിഡന്റിന്റെയും ഒത്താശയില്ലാതെ ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള ഒരു വ്യക്തിക്ക് സ്വർണപ്പാളി ബംഗളൂരുവിൽ കൊണ്ടുപോകാൻ കഴിയില്ലെന്നും വി.ബാബു പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം മറച്ചുവയ്ക്കാനാണ് ഇപ്പോൾ ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. 1999 ൽ വിജയ് മല്യ പൂശിയ സ്വർണം 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോകുന്നു. നാലര കിലോ കുറച്ചു തിരികെ കൊണ്ടുവരുന്നു. സ്വർണം നഷ്ടപ്പെട്ടതു ദേവസ്വം ഉദ്യോഗസ്ഥർക്കും അംഗങ്ങൾക്കും അറിയാം. എന്നാൽ ഇക്കാര്യം ദേവസ്വം ബോർഡ് പൊതുസമൂഹത്തോടു മറച്ചുവച്ചു. ചിലരെയൊക്കെ സംരക്ഷിക്കാനാണു ദേവസ്വം ബോർഡിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മും സിഐടിയു യൂണിയനും നയിക്കുന്ന ദേവസ്വം ബോർഡാണ് ഇപ്പോഴുള്ളത്. ദേവസ്വം ബോർഡുകളുടെ കെടുകാര്യസ്ഥതയ്ക്കെതിരെയും അഴിമതിക്കുമെതിരയും ഹിന്ദു ഐക്യവേദി പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കും. നവംബർ മാസത്തിൽ ശബരിമല സംരക്ഷണ ജാഗരണ പരിപാടികൾ നടത്തുമെന്നും ആർ. വി. ബാബു പറഞ്ഞു.