ആധാർ ഇരട്ട സഹോദരിമാരിൽ ഒരാൾക്കു മാത്രം!
Friday, October 3, 2025 6:28 AM IST
ഒടയംചാൽ (കാസർഗോഡ്): കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൽഫ മരിയ ജോബിയും ഏയ്ഞ്ചൽ മരിയ ജോബിയും ആധാർ കാർഡിനായി അപേക്ഷ സമർപ്പിച്ച് വലഞ്ഞിരിക്കുകയാണ്. മതിയായ രേഖകളും അടയാളങ്ങളുമെല്ലാം വച്ച് ഒന്നിലേറെ തവണ അപേക്ഷ സമർപ്പിച്ചിട്ടും ഒരാൾക്കു മാത്രമാണ് ആധാർ കാർഡ് അനുവദിച്ചുകിട്ടിയത്.
കൈവിരലുകളും കണ്ണിന്റെ റെറ്റിനയുമടക്കമുള്ള ബയോമെട്രിക് അടയാളങ്ങളെല്ലാം രണ്ടു പേർക്കും ഒരുപോലെയായതാണ് ആധാർ അനുവദിക്കുന്നതിനുള്ള സംവിധാനങ്ങളെ കുഴയ്ക്കുന്നത്. സാധാരണനിലയിൽ ഇരട്ട സഹോദരങ്ങൾക്ക് ബയോമെട്രിക് അടയാളങ്ങളിൽ ചിലതെങ്കിലും വ്യത്യസ്തമാകാറുണ്ട്.
പക്ഷേ മേക്കോടോത്തെ ജോബി ജോണിയുടെയും സൗമ്യ ജോൺസണിന്റെയും മക്കളായ ആൽഫയുടെയും ഏയ്ഞ്ചലിന്റെയും എല്ലാ ബയോമെട്രിക് അടയാളങ്ങളും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ആദ്യം പരിഗണിച്ച ആൽഫയുടെ അപേക്ഷ അംഗീകരിച്ച് ആധാർ അനുവദിക്കുകയും രണ്ടാമതു പരിഗണിച്ച ഏയ്ഞ്ചലിന്റെ അപേക്ഷ നിരസിക്കപ്പെടുകയുമാണ് ഉണ്ടായത്. ഏയ്ഞ്ചലിന്റെ പേരിൽ പിന്നീട് വീണ്ടും അപേക്ഷ സമർപ്പിച്ചെങ്കിലും ഇതേ ബയോമെട്രിക് അടയാളങ്ങൾവച്ച് നേരത്തേ ആധാർ അനുവദിച്ചിട്ടുള്ളതായി കാണിച്ച് ആ അപേക്ഷയും നിരസിക്കപ്പെട്ടു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഒടയംചാലിലെത്തിയപ്പോൾ ഇരുവരും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകിയിരുന്നു. പ്രശ്നത്തിന്റെ യഥാർഥ സാഹചര്യം മനസിലാക്കി ഇരട്ട സഹോദരിമാരാണെന്ന പ്രത്യേക പരിഗണന നൽകി ഇരുവർക്കും പ്രത്യേകം ആധാർ കാർഡുകൾ അനുവദിക്കണമെന്ന ആവശ്യം യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്നു മുഖ്യമന്ത്രി നൽകിയ ഉറപ്പിലാണ് ഇപ്പോൾ ഇവരുടെ പ്രതീക്ഷ.