ഷാഫി പറന്പിലിനെതിരായ അധിക്ഷേപം: കേസെടുക്കാനാകില്ലെന്നു പോലീസ്
Friday, October 3, 2025 6:28 AM IST
പാലക്കാട്: ഷാഫി പറന്പിൽ എംപിക്കെതിരായ അധിക്ഷേപപരാമർശത്തിൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരേ കേസെടുക്കാനാവില്ലെന്നു പോലീസ്.
സുരേഷ് ബാബുവിനെതിരേ കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീശൻ നൽകിയ പരാതിയിലാണ് കേസെടുക്കാനാവില്ലെന്ന് പാലക്കാട് നോർത്ത് പോലീസ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പാലക്കാട് നോർത്ത് സിഐ ജില്ലാ പോലീസ് മേധാവി അജിത്കുമാറിനു നൽകി.
നേരിട്ടുള്ള പരാതി അല്ലാത്തതിനാൽ ബിഎൻഎസ് 356 പ്രകാരം അപകീർത്തിക്കേസ് നിലനിൽക്കില്ലെന്നും കോടതിയുടെ അനുമതിയോടെ മാത്രമേ കേസെടുക്കാൻ കഴിയൂ എന്നുമാണ് റിപ്പോർട്ട്.
സുരേഷ് ബാബുവിനെതിരേ പോലീസ് കേസെടുക്കാത്തത് ഇരട്ടത്താപ്പാണെന്നു കോണ്ഗ്രസ് പ്രതികരിച്ചു. സുരേഷ് ബാബുവിനെ ഭയന്നാണ്, സ്ത്രീകളെയടക്കം ആക്ഷേപിക്കുന്ന പരാമർശം നടത്തിയിട്ടും കേസെടുക്കാത്തത്. വ്യക്തമായ തെളിവുണ്ടായിട്ടും പോലീസ് അനങ്ങുന്നില്ല. കോടതിയെ സമീപിക്കുമെന്നു കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി. സതീഷ് പറഞ്ഞു.തനിക്കെതിരായ അധിക്ഷേപപരാമർശത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്നു ഷാഫി പറന്പിൽ പറഞ്ഞിരുന്നെങ്കിലും പരാതി നൽകിയിരുന്നില്ല.