പ്രസവാവധി: സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കെസിബിസി പ്രോ-ലൈഫ് സമിതി
Friday, October 3, 2025 6:09 AM IST
കൊച്ചി: രണ്ടിൽ കൂടുതൽ മക്കളുണ്ടെങ്കിലും പ്രസവാവധി നൽകണമെന്ന സുപ്രീം കോടതി വിധിയെ കെസിബിസി പ്രോ-ലൈഫ് സമിതി സ്വാഗതം ചെയ്തു. വലിയ കുടുംബങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരായ അമ്മമാർക്ക് ആശ്വാസകരമായ വിധിയാണു സുപ്രീംകോടതി നൽകിയിരിക്കുന്നതെന്നും സമിതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ആർട്ടിക്കിൾ 21ൽ മാതൃത്വാവകാശത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. അതിൽ പ്രസവാവധിക്കുള്ള അവകാശവും ഉൾപ്പെടുന്നുണ്ട്. രണ്ടാമത്തെ വിവാഹത്തിലെ മൂന്നാമത്തെ കുഞ്ഞാണെങ്കിലും പ്രസവാവധിക്ക് അർഹതയുണ്ടെന്നും അതിനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹർജിക്കാരിയായ ഉമാദേവിയും തമിഴ്നാട് സർക്കാരുമായുള്ള കേസിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കേസിൽ രണ്ടു മാസത്തിനകം പ്രസാവാനുകൂല്യങ്ങൾ അനുവദിക്കണമെന്നും തമിഴ്നാട് സർക്കാരിനോട് കോടതി ഉത്തരവിട്ടു.
എല്ലാ സംസ്ഥാനങ്ങളിലും സുപ്രീംകോടതി വിധിക്കനുസരിച്ച് നിയമഭേദഗതികൾ കൊണ്ടുവരണമെന്നും കെസിബിസി പ്രോ-ലൈഫ് സമിതി ആവശ്യപ്പെട്ടു. സംസ്ഥാന ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, പ്രസിഡന്റ് ജോൺസൺ ചൂരേപറമ്പിൽ, ജനറൽ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടൻ എന്നിവർ പ്രസംഗിച്ചു.