കട്ടപ്പനയിൽ മാൻഹോളിൽ കുടുങ്ങി മൂന്നു തൊഴിലാളികൾ മരിച്ചു
Friday, October 3, 2025 6:09 AM IST
കട്ടപ്പന: കട്ടപ്പന - പുളിയന്മല റോഡിൽ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിക്കു സമീപം പ്രവർത്തിക്കുന്ന ഓറഞ്ച് ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാൻ മാൻഹോളിനുള്ളിലൂടെ ഇറങ്ങിയ മൂന്നു ശുചീകരണ തൊഴിലാളികൾക്കു ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി 10നാണ് അപകടമുണ്ടായത്. തമിഴ്നാട് ഗൂഡല്ലൂർ കമ്പോസ്റ്റ് സ്ട്രീറ്റ് സ്വദേശി മൈക്കിൾ (23), ഗൂഡല്ലൂർ പട്ടാളമ്മൻകോവിൽ സ്ട്രീറ്റ് സുന്ദരപാണ്ഡ്യൻ (37) കമ്പം കണ്ണൻ വിവേകാനന്ദൻ സ്ട്രീറ്റ് ജയരാമൻ (48) എന്നിവരാണ് മരിച്ചത്.
മാലിന്യടാങ്ക് വൃത്തിയാക്കാനായി മൈക്കിളാണ് ആദ്യം ഇറങ്ങിയത്. എന്നാൽ, അദ്ദേഹം തിരികെ കയറിവരാൻ താമസിച്ചതോടെ പുറത്തുനിന്നവർ ഉച്ചത്തിൽ വിളിച്ചു. പ്രതികരണം ഉണ്ടാകാതെ വന്നതോടെ മൈക്കിളിന് എന്തോ അപായം സംഭവിച്ചെന്നു കരുതി സുന്ദരപാണ്ഡ്യനും മാൻഹോളിലേക്ക് ഇറങ്ങി. ഇരുവരും പുറത്തേക്കു വരാതിരുന്നതോടെ രക്ഷിക്കാൻ കോൺട്രാക്ടർകൂടിയായ ജയരാമനും കുഴിയിലേക്കിറങ്ങി. ഇതോടെ മൂവരും ടാങ്കിൽ അകപ്പെടുകയായിരുന്നു.
ആറു പേരായിരുന്നു മാലിന്യം നീക്കാൻ എത്തിയ സംഘത്തിലുണ്ടായിരുന്നത്. മലിനജനം പമ്പ് ചെയ്തു മാറ്റിയ ശേഷം ടാങ്കിനുള്ളിൽ അടിഞ്ഞു കിടന്ന മാലിന്യങ്ങൾ നീക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവർ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. അഗ്നിരക്ഷാ സേനയെത്തി മാൻഹോളിനുള്ളിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും ആദ്യശ്രമം പരാജയപ്പെട്ടു.
ഒരാൾക്കു മാത്രം ഇറങ്ങാൻ വ്യാസമുള്ള മാൻഹോളാണ് ഉണ്ടായിരുന്നത്. തുടർന്ന് മാൻഹോളിലേക്കു സിലിണ്ടർ ഉപയോഗിച്ച് ഓക്സിജൻ കടത്തിവിട്ടെങ്കിലും ഉള്ളിലുള്ളവരുടെ വിവരം ലഭിക്കാതെ വന്നു. തുടർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ചു സ്ലാബുകൾ നീക്കി ടാങ്കിനു സമീപത്തായി മറ്റൊരു കുഴി നിർമിച്ച് ഉദ്യോഗസ്ഥർ ടാങ്കിലേക്ക് ഇറങ്ങിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഒന്നര മണിക്കൂറോളം മൂവരും ടാങ്കിനുള്ളിൽ കുടുങ്ങിക്കിടന്നു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ടാങ്കിനുള്ളിൽ ഉണ്ടായിരുന്ന വിഷവാതകമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.